മലയാളത്തിലെ ശ്രദ്ധേയനായ യുവ സാഹിത്യകാരനായ എസ്. ഹരീഷ് സംഘപരിവാർ ഭീഷണിയെ തുടർന്ന് തന്റെ നോവൽ പിൻവലിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലാണ് മൂന്ന് ഭാഗം കഴിഞ്ഞപ്പോൾ ഭീഷണിയെ തുടർന്ന് പിൻവലിക്കേണ്ടി വന്നത്.   മലയാള സാഹിത്യ ചരിത്രത്തിൽ  ആദ്യമായിട്ടാണ് ഭീഷണിയെ തുടർന്ന് നോവൽ ഖണ്ഡശ പ്രസിദ്ധീകരണം പോലും പൂർത്തിയാക്കാതെ നിർത്തലാക്കേണ്ടി വരുന്നത്.

കുടുംബത്തിന് നേരെ നടക്കുന്ന ഭീഷണിയെയും ആക്രമണങ്ങളെയും തുടർന്നാണ് നോവൽ പിൻവലിക്കുന്നതെന്നാണ് എസ്. ഹരീഷ് പറഞ്ഞു.

കേസുകളും ഭീഷണികളും കുടുങ്ങി ജീവിതം കളയാനില്ല. രാജ്യം ഭരിക്കുന്നവരുമായ ഏറ്റുമുട്ടാൻ തനിക്ക് കഴിവില്ലെന്നും ഹരീഷ് പറഞ്ഞതായി മാതൃഭൂമി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിക്കാലം മുതൽ മനസ്സിൽ കിടന്ന കഥയാണ്. അഞ്ച് വർഷത്തെ അധ്വാനമാണ് ഈ നോവലെന്ന് ഹരീഷ് പറഞ്ഞു.

അര നൂറ്റാണ്ടിന് മുമ്പുളള​ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച നോവലാണ് ‘മീശ’ എന്നാൽ അതിലെ കഥാപാത്രങ്ങളുടെ ഒരു സംഭാഷണ ശകലത്തെ അടർത്തിയെടുത്ത് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി ഉയർന്നത്. സൈബർ ലോകത്ത് ഹരീഷിനെയും കുടുംബത്തെയും മോശമായ ഭാഷയിലാണ് കടന്നാക്രമിച്ചത്.

മാതൃഭൂമി നോവൽ പ്രസിദ്ധികരിക്കുന്നതിനെതിരെ വിവിധ സംഘപരിവാർ സംഘടനകൾ മാതൃഭൂമിക്ക് നേരെ ആക്രമണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുയായിരുന്നു.
തൃപ്പൂണിത്തുറയിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സംഘടിപ്പിച്ച പുസ്തോകത്സവത്തിൽ​ ബി ജെ പിയുടെ നഗരസഭാ കൗൺസിലർമാരുൾപ്പടെ കയറി ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വെളളിയാഴ്ച സന്ധ്യയോടാണ് കാവിക്കൊടികളുമായി എത്തിയവർ അക്രമം നടത്തിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ബി ജെ പി, ഹിന്ദു ഐക്യവേദി പ്രവർത്തകരായ നാൽപ്പതോളം പേരാണ് ഇവിടെ അക്രമം നടത്തിയത്. സംഭവത്തിൽ​ പൊലീസ് കേസെടുത്തിരുന്നു.

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഹരീഷിന്റെ ‘രസവിദ്യ’, ‘ആദം’ എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   കഴിഞ്ഞ ഒരു ദശകത്തിനുളളിൽ മലയാള സാഹിത്യലോകത്ത് ഏറെ ശ്രദ്ധേയമായ കഥകളാണ് ഹരീഷിന്റേത്. ഹരീഷിന്റെ കഥയെ അടിസ്ഥാനമാക്കി സഞ്ചു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്ന ചലച്ചിത്രം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന സിനിമയുടെ പ്രവർത്തനവും അണിയറയിലാണ്.

ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് എസ് ഹരീഷ് മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിക്കുന്ന നോവൽ നിർത്തയതിനെ കുറിച്ച്, മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ്​ എഡിറ്റർ കമൽ റാം സജീവ് ട്വീറ്റ്  ചെയ്തു.  എസ് ഹരീഷ് അദ്ദേഹത്തിന്റെ ‘മീശ’ എന്ന നോവൽപിൻവലിക്കുന്നു. സാഹിത്യം ആൾക്കൂട്ടത്താൽ ആക്രമിക്കപ്പെടുന്നു, കേരള സാംസ്കാരിക ചരിത്രത്തിലെ ഇരുണ്ടദിനമാണെന്നും ഇരുട്ടിന്റെ നാളുകളാണ് വരാൻ പോകുന്നതെന്നും  കമൽ റാം സജീവിന്റെ  ട്വീറ്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ