തിരുവനന്തപുരം: സംഘപരിവാർ ഭീഷണിയെ തുടർന്ന് മൂന്നാം ലക്കത്തോടെ പിൻവലിച്ച എസ്.ഹരീഷിന്റെ നോവൽ ‘മീശ’ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മാതൃഭൂമി ആഴ്ചപതിപ്പിൽ രണ്ട് ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോഴാണ് സംഘപരിവാർ സംഘടനകൾ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ വിവാദവും അക്രമവും ആരംഭിച്ചത്. ഹരീഷിന്റെ കുടുംബാംഗങ്ങൾക്ക് നേരെ അശ്ലീലവും അസഭ്യവുമായ രീതിയിൽ സൈബർ ആക്രമണം നടന്നു. ഹരീഷിനെതിരെ വധഭീഷണി വരെ ഉണ്ടായി. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എസ്.ഹരീഷിന്റെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് പരാതി. രാവിലെ മുതല്‍ നിരന്തരം വിളിച്ച് ഭീഷണി മുഴക്കിയതിനെ തുടർന്നാണ് പരാതി കൊടുത്തത്.
ഹരീഷിനും കുടുംബാംഗങ്ങൾക്കും നേരെയുളള ഭീഷണിയും മാതൃഭൂമിയ്ക്ക് നേരെ ആക്രമണങ്ങളും നടന്ന സാഹചര്യത്തിലാണ് ഹരീഷ് ജൂലൈ 21 ന് നോവൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നത് പിൻവലിച്ചതായി അറിയിച്ചു. മൂന്നാം ഭാഗം വന്നതിന് ശേഷമായിരുന്നു നോവൽ പിൻവലിച്ചത്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേരളത്തിലെ സാംസ്കാരിക പ്രവർത്തകരുമുൾപ്പടെയുളളവർ ഹരീഷിന് പിന്തുണയുമായി എത്തി.
“എസ്.ഹരീഷിന്റെ ‘മീശ’ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. എസ്.ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡിസി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. ‘മീശ’ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വികെഎന്റെയോ ചങ്ങമ്പുഴയുടെയോ വിടിയുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേയ്ക്കാം. അതിനാല്‍ ‘മീശ’യുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു,” എന്ന് ഡിസി ബുക്സ് അറിയിച്ചു.
സൈനുൽ ആബിദാണ് മീശയുടെ കവർ ഡിസൈൻ ചെയ്തിട്ടുളളത്.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഹരീഷിന്റെ ‘രസവിദ്യ’, ‘ആദം’ ‘അപ്പൻ’ എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുളളിൽ മലയാള സാഹിത്യലോകത്ത് ഏറെ ശ്രദ്ധേയമായ കഥകളാണ് ഹരീഷിന്റേത്. ഹരീഷിന്റെ കഥയെ അടിസ്ഥാനമാക്കി സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്ന ചലച്ചിത്രം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന സിനിമയുടെ പ്രവർത്തനവും അണിയറയിലാണ്.
Read More: കഥാകൃത്ത് എസ്.ഹരീഷിനെതിരെ വധഭീഷണി മുഴക്കിയയാള്‍ പൊലീസ് പിടിയില്‍
ഇതേ സമയം പുസ്തകം പ്രസീദ്ധീരിച്ച ഡിസി ബുക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രവി ഡീസിക്കെതിരെ അസഭ്യ പരാമർശം നടത്തി. ഈ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയതായി രവി ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.