വിവാദങ്ങളുടെ പേരിൽ പുസ്‌തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാൻ ആകില്ല; സുപ്രീം കോടതി

മീശയിലെ വിവാദ ഭാഗം രണ്ടു കഥാപാത്രങ്ങൾ തമ്മിലുളള സംഭാഷണമാണ്

ന്യൂഡൽഹി: വിവാദങ്ങളുടെ പേരിൽ പുസ്തകം നിരോധിക്കുന്ന സംസ്കാരത്തോട് യോജിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ തടയും. മീശയിലെ വിവാദ ഭാഗം രണ്ടു കഥാപാത്രങ്ങൾ തമ്മിലുളള സംഭാഷണമാണ്. ടീനേജ് കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് സാധ്യമല്ലേയെന്നും കോടതി ചോദിച്ചു.

മീശ നോവൽ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പരാമർശം. നോവലിലെ വിവാദ അധ്യായങ്ങളുടെ പരിഭാഷ അഞ്ചു ദിവസത്തിനകം ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

ഐപിസി 221 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ആകൂ. എന്നാല്‍ ഭാവനാപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് ബാധിക്കും. രണ്ടു പാരഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടി പുസ്തകം തന്നെ ചവട്ടുകൊട്ടയിലേക്ക് എറിയാനാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു.

എസ്.ഹരീഷിന്റെ വിവാദ നോവൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്നാണ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹര്‍ജി. ഡല്‍ഹി മലയാളിയായ രാധാകൃഷ്ണനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിമാനിയായ ഹിന്ദു എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

മീശ നോവലിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. നോവലിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി ചാര്‍ളി ഹെബ്ദോയ്ക്ക് സമാനമായ പ്രതിഷേധം ഇന്ത്യയില്‍ ക്ഷണിച്ചുവരുത്തുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച നോവല്‍ ഡിസി ബുക്‌സ് പുസ്തകമായി പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: S hareesh meesha novel supreme court

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com