ഗോവ: പേരിന്റെ പേരില്‍ വേട്ടയാടപ്പെട്ട സനല്‍കുമാര്‍ ശശിധരന് ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. ചിത്രത്തിന്റെ പേര് സംബന്ധിച്ച പരാതി കാരണമാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതെന്നാണ് വിവരം. മുംബൈയില്‍ നിന്നും സിബിഎഫ്സി ചെയര്മാന് പ്രസൂന്‍ ജോഷിയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ പ്രാദേശിക ഓഫീസ് സെന്‍സര്‍ഷിപ്പ് റദ്ദ് ചെയ്യുന്നത്.
ചിത്രത്തിന്റെ ആദ്യ പേരായ സെക്സി ദുര്‍ഗ മാറ്റിയിട്ട് എസ് ദുര്‍ഗ എന്നാക്കിയിരുന്നു എങ്കിലും എസ്സിനു ശേഷം മൂന്ന് ഹാഷ്ടാഗ് (###) ഉപയോഗിച്ചു എന്നും അത് സിനിമറ്റോഗ്രാഫി ആക്ടിന്റെ ലംഘനം ആണ് എന്നും കാണിച്ചാണ് റദ്ദുചെയ്യല്‍. ‘ഇത് ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെടുന്ന നടപടിയാണ്’ എന്നാണ് സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ ആദ്യ പ്രതികരണം.

‘എസ് ദുര്‍ഗ’ സമാപന ദിവസമായ ഇന്നും ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ സംവിധായകൻ പ്രതിഷേധം നടത്തിയിരുന്നു. ഐനോക്സ് തിയേറ്ററിന് മുമ്പിലാണ് അദ്ദേഹം നിശബ്ദ പ്രതിഷേധം നടത്തിയത്. ചിത്രത്തിലെ നായകനായ കണ്ണന് നായരും അദ്ദേഹത്തിനൊപ്പം പ്രതിഷേധം നടത്തി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കിയ കോടതി വിധിയുടെ പകര്‍പ്പും ‘സേവ് ഡെമോക്രസി’ എന്ന പ്ലക്കാര്‍ഡും ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം. ഇതിനിടെയാണ് ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് നടപ്പാക്കിയതായി കാണിച്ച് സനല്‍കുമാറിന് ഉത്തരവ് ലഭിച്ചത്.
ഇന്ത്യന്‍ പനോരമയില്‍ തിങ്കളാഴ്ച ചിത്രം പ്രദര്‍ശിപ്പിക്കും എന്നായിരുന്നു ജൂറി അംഗങ്ങള്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ജൂറി അംഗങ്ങൾ വീണ്ടും സിനിമ കണ്ടതിന് ശേഷം തീരുമാനം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയെ അറിയിച്ചു. മന്ത്രാലയം കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പറയാമെന്നും ജൂറി ചെയർമാൻ രാഹുൽ റാവലിന്റെ വിശദീകരണം.
സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി നല്കിയ അനുമതിയുടെ പകര്‍പ്പും സെന്‍സര്‍ ചെയ്ത കോപ്പിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ജൂറി ആവശ്യപ്പെട്ടത് പ്രകാരം സംവിധായകന് ഹാജരാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കാനായി പേരുമാറ്റി, ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, വാര്‍ത്താവിനിമയ മന്ത്രാലയം നേരിട്ട് ഇടപെട്ടുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിച്ചു, മന്ത്രാലയത്തിന്റെ തീരുമാനം റദ്ദുചെയ്തുകൊണ്ട് ഹൈക്കോടതി വിധിയും പുറപ്പെടുവിച്ചു. എന്നിട്ടും ഐഎഫ്എഫ്ഐ അനുകൂല നടപടി എടുത്തിരുന്നില്ല.
കഴിഞ്ഞയാഴ്ചയാണ് ചിത്രത്തെ വിലക്കിയ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പിന്റെ തീരുമാനത്തെ റദ്ദുചെയ്തു കൊണ്ട് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. നേരത്തെ എസ് ദുര്‍ഗ തടഞ്ഞുകൊണ്ടുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജൂറി തലവന്‍ സുജോയ് ഘോഷ് രാജി വച്ചിരുന്നു. ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് ‘സെക്സി ദുര്‍ഗ’.
നാല്പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്കാരമടക്കം ഒട്ടനവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ വെല്ലുവിളികളാണ് ചിത്രത്തിനു നേരെ ഇന്ത്യയില്‍ ഉയര്‍ന്നത്.