ന്യൂഡൽഹി: യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളെ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് വിമാനമാർഗം എത്തിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയാണ് ഡൽഹിയിൽ നിന്ന് ഇവരെ നാട്ടിലെത്തിച്ചത്.
ഇന്ത്യൻ വിദ്യാർത്ഥികളെയും വഹിച്ച് രാജ്യത്തെത്തിയ രണ്ടാമത്തെ വിമാനം ഞായറാഴ്ച രാവിലെ 3.30നാണ് ഡൽഹിയെത്തിയത്. 31 മലയാളി വിദ്യാർത്ഥികളാണ് ഫ്ളൈറ്റിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ ഡൽഹി മലയാളിയാണ്. ബാക്കിയുള്ളവരിൽ 16 പേരെ കൊച്ചിയിലേക്കും 14 പേരെ തിരുവനന്തപുരത്തേക്കും അയച്ചു.
രാവിലെ 9.30ന് ഡൽഹിയിലെത്തിയ മൂന്നാമത്തെ വിമാനത്തിലുണ്ടായിരുന്ന 25 മലയാളി വിദ്യാർത്ഥികളിൽ ഒമ്പത് പേരെ കോഴിക്കോട്ടേക്ക് എത്തിച്ചു. 16 പേരെ വൈകിട്ട് 7.30നുള്ള ഇൻഡിഗോ വിമാനത്താവളത്തിൽ കൊച്ചിയിലേക്ക് എത്തിച്ചു.
രക്ഷാദൗത്യത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിയ മറ്റൊരു വിമാനത്തിൽ ഒരു മലയാളി വിദ്യാർത്ഥിനി കൂടി എത്തിച്ചേർന്നു. 57 മലയാളി വിദ്യാർത്ഥികളാണ് ഇതുവരെ നടന്ന രക്ഷാദൗത്യത്തിൽ ഡൽഹിയിലെത്തിയത് .