കണ്ണൂർ: സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂർവ ജനിതക രോഗം ബാധിച്ച ഒന്നര വയസുകാരന് മുഹമ്മദിനായി സുമനസുകൾ കൈകോർത്തപ്പോൾ ചികിത്സയ്ക്കായുള്ള 18 കോടി രൂപ സമാഹരിച്ചത് ഏതാനും ദിവസങ്ങൾ കൊണ്ട്. ചികിത്സാ ചിലവായ 18 കോടി രൂപ അക്കൗണ്ടിലേക്ക് ലഭിച്ചതായി മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.
മുഹമ്മദ് ചികിത്സാ സഹായ നിധി ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നതായി കല്യാശേരി എംഎൽഎ എം വിജിൻ പറഞ്ഞു. ” നന്ദി.. മുഹമ്മദ് ചികിത്സാ സഹായ നിധി ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു..
പിന്തുണച്ചവർക്ക്, കൂടെ നിന്നവർക്ക്.. എല്ലാവർക്കും നന്ദി…” വിജിൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുഹമ്മദിന്റെ സഹോദരിയായ അഫ്രയാണ് തന്റെ കുഞ്ഞനുജന്റെ രോഗബാധയെക്കുറിച്ച് മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പറഞ്ഞത്. പേശികളെ ക്ഷയിപ്പിക്കുന്ന തരത്തിലുള്ള അപൂർവ ജനിതക രോഗമാണ് സ്പൈനല്‍ മസ്കുലാര്‍ അട്രോഫി. 15 വയസ്സുകാരിയായ അഫ്രക്ക് നേരത്തെ ഈ അസുഖം ബാധിച്ചിരുന്നു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മക്കളാണ് മുഹമ്മദും അഫ്രയും.
Read More: ഇങ്ങനെ ഹോംവർക്ക് തരല്ലേ മിസ്സേ, സങ്കടം കൊണ്ട് പറയാ; അപേക്ഷയോടെ കുരുന്ന്
പതിനായിരത്തിലൊരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണ് സ്പൈനല്‍ മസ്കുലാര്‍ അട്രോഫി. ഇതിനായുള്ള സോള്‍ജെന്‍സ്മ എന്ന മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്. ഒരു ഡോസിന് 18 കോടി രൂപയാണ് ഈ മരുന്നിന്റെ വില.
മൂന്ന് ദിവസം മുൻപാണ് തന്റെ അനിയന്റെ രോഗത്തെക്കുറിച്ചും മരുന്നിന്റെ വിലയെക്കുറിച്ചും അഫ്ര പറയുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിറകെ ചികിത്സാ ആവശ്യത്തിനുള്ള അക്കൗണ്ടിലേക്ക് ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നായി പണം ഒഴുകിയെത്തുകയായിരുന്നു.
Read More: ‘അ-ആകാസം, ടെ-ടയര്‍, മു-മുട്ടായി, ചു-ചുണ്ട്, ടെ-ടെയ്ഗർ’; വൈറലായി നാലു വയസുകാരന്റെ അക്ഷരമാല
മുഹമ്മദിന്റെ ചികിത്സയ്ക്ക് പണം അയക്കാൻ അപേക്ഷിച്ചുകൊണ്ട് നിരവധി പേരാണ് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലുമടക്കം അക്കൗണ്ട് വിവരങ്ങളും രോഗത്തെക്കുറിച്ച് പറയുന്ന അഫ്രയുടെ വീഡിയോയും പങ്കുവച്ചത്.
അക്കൗണ്ടിലേക്ക് 14 കോടി രൂപ എത്തിയെന്നും ഇനി നാല് കോടി രൂപ കൂടി മതിയെന്നുമുള്ള വാർത്ത തിങ്കളാഴ്ചയോടെ പുറത്തുവന്നിരുന്നു. പിന്നീട് മണിക്കൂറുകൾക്കുള്ളിലാണ് ശേഷിക്കുന്ന നാല് കോടി കൂടി അക്കൗണ്ടിലെത്തിയത്.