ന്യൂഡൽഹി: സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ സമ്മതം നിർബന്ധമാക്കുന്ന ദില്ലി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനയുടെ ഫെഡറൽ സ്വഭാവവുമായി യോജിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷണം.

ഉത്തർപ്രദേശിൽ സിബിഐ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഡി‌എസ്‌പി‌ഇ അംഗങ്ങളുടെ അധികാരങ്ങളും അധികാരപരിധിയും കേന്ദ്രഭരണ പ്രദേശങ്ങൾക്കപ്പുറത്തേക്ക് ഒരു സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ വകുപ്പ് 5 കേന്ദ്ര സർക്കാരിനെ പ്രാപ്തമാക്കുന്നു. എന്നാൽ ഡി‌എസ്‌പി‌ഇ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട സംസ്ഥാനത്തിനുള്ളിൽ അത്തരം ഒരു നീക്കത്തിന് ആ സംസ്ഥാനം അനുമതി നൽകുന്നില്ലെങ്കിൽ ഇത് അനുവദനീയമല്ല,” ജസ്റ്റിസുമാരായ എ എം ഖാൻ‌വിൽക്കർ, ബി ആർ ഗവായി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

“ഭരണഘടനയുടെ അടിസ്ഥാന ഘടനകളിലൊന്നായി കണക്കാക്കപ്പെട്ടിട്ടുള്ള ഫെഡറൽ സ്വഭാവവുമായി ഈ വ്യവസ്ഥകൾ യോജിക്കുന്നു,” ബെഞ്ച് പറഞ്ഞു. ഫെർട്ടിക്കോ മാർക്കറ്റിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നിരീക്ഷണം.

നേരത്തെ പല കേസുകളിലും സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിച്ചിരുന്നു.

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ അറിയാതെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സി.ബി.ഐ അന്വേഷണങ്ങള്‍ക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.