തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവർക്കെല്ലാം സൗജന്യമായി കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിമാനത്താവളങ്ങളിൽ വച്ചുതന്നെ വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തും. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം അയച്ചുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കാനും സർക്കാർ നടപടികൾ എടുത്തിട്ടുണ്ട്. ആർടിപിസിആർ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ സര്‍ക്കാര്‍ നിർദേശം നൽകി.

മൊബൈല്‍ ആർടിപിസിആർ ലാബുകൾ കേരളത്തിൽ സജ്ജമാക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി സ്വകാര്യ കമ്പനിക്ക് സർക്കാർ ടെൻഡർ നൽകി. ഒരു പരിശോധനയ്‌ക്ക് 448 രൂപയായിരിക്കും ചാർജ്. ആർടിപിസിആർ ടെസ്റ്റ് ഇത്രയും ചെറിയ ചാർജ്ജിന് ലഭ്യമാകുമ്പോൾ പരിശോധന നടത്താൻ കൂടുതൽ ആളുകൾ എത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി വിനിയോഗിക്കണം. ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും ആശ്രയിക്കാമെന്നും സർക്കാർ പറഞ്ഞു. തെറ്റ് പറ്റിയാലോ ഫലം 24 മണിക്കൂറിലേറെ വൈകിയാലോ ലാബിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. കോവിഡ് ആർടിപിസിആർ ടെസ്റ്റ് ഫലം വെെകുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു. ചുരുങ്ങിയ ചാർജിന് ആർടിപിസിആർ ടെസ്റ്റ് നടത്താൻ സാധിച്ചാൽ കേരളത്തിൽ നിന്നു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് അത് പ്രയോജനകരമാകും.

Read Also: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവം; കിണർ പണിക്കായി കൊണ്ടുവന്നതെന്ന് കസ്റ്റഡിയിലുള്ള സ്ത്രീ

അതേസമയം, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നു വരുന്നവർക്ക് തമിഴ്‌നാട്ടിൽ ഏഴുദിവസം ഹോം ക്വാറന്റൈൻ നിര്‍ബന്ധമാക്കി. കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തും. യാത്രക്കാരെ നിരീക്ഷിക്കും. കേരളത്തിൽ നിന്നു വരുന്നവർക്ക് ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയിരിക്കണം.

ഡൽഹി സർക്കാർ കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 15 മുതലായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരികയെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. വിമാനം, ട്രെയിൻ, ബസ് മാർഗങ്ങളിലായി ഡൽഹിയിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.