/indian-express-malayalam/media/media_files/uploads/2021/11/sanjith-2.jpg)
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന്റെ കാരണം രാഷ്ട്രീയ വിരോധമാണെന്ന് പൊലീസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നില്ല.
"മമ്പറം പുതുഗ്രാമത്ത് വച്ച് 15-ാം തീയതി രാവിലെ 8.45 ന് അഞ്ച് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകികള്‍ സംഭവ സ്ഥലത്ത് എത്തിയത് ചെറിയ വെള്ളക്കാറിലാണ്. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ്," എഫ്ഐആര്‍ വ്യക്തമാക്കുന്നു.
പാലക്കാട് എസ്പി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. പാലക്കാട്, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ സംഘത്തിന്റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെറുപ്പുളശേരി സിഐമാരും സംഘത്തിലുണ്ട്.
സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. കേസ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സ് (എന്‍ഐഎ) അന്വേഷിക്കണമെന്ന ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണു സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു ഇരുവരും. കാറിലെത്തിയ സംഘം സഞ്ജിത്തിനെ ബൈക്കിൽനിന്നു ബലം പ്രയോഗിച്ച് റോഡിലേക്കു വലിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സഞ്ജിത്തിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് വെട്ടാണ് തലയ്ക്കേറ്റത്. ശരീരത്തിലാകെ 30 വെട്ടേറ്റുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെട്ടേറ്റതെന്നാണ് നിഗമനം.
Also Read: ദത്തുവിവാദം: അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കാൻ ഉത്തരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.