പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ (27) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പാലക്കാട് എസ്പി പറഞ്ഞു.
ഇന്നലെ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.
മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണു സുബൈര്‍. ഇയാളുടെ മുറിയില്‍നിന്നാണ് മറ്റു രണ്ടു പേരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായവരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന നിലപാടിലാണു പൊലീസ്. 15നു രാവിലെ ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകവെയാണു സഞ്ജിത്ത് കൊല്ലപ്പെട്ടത്. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ്‍ രേഖകളും പരിശോധിച്ചു. ഒരു പ്രതിയുടെ രേഖാചിത്രം പൊലീസ് തയാറാക്കുകയും ചെയ്തു. സഞ്ജിത്തിനെ കൊലപ്പെടുത്തിയവര്‍ക്കായുള്ള അന്വേഷണം പൊലീസ് നേരത്തെ തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരുന്നു. കൊലയ്ക്കുശേഷം അക്രമികള്‍ രക്ഷപ്പെട്ട കാറുകളില്‍ ഒരെണ്ണം തമിഴ്‌നാട്ടിലേക്കും മറ്റൊന്നു എറണാകുളത്തേക്കും പോയെന്നായിരുന്നു പൊലീസിന്റെ നിഗമനം.
വാഹനങ്ങളിലൊന്നിന്റെ നമ്പര്‍ പൊളിച്ചുവില്‍ക്കാന്‍ കൈമാറിയ വാഹനത്തിന്റേതെന്നു സൂചനയും നേരത്തെ പുറത്തുവന്നിരുന്നു. വടക്കാഞ്ചേരിയിലെ ഡ്രൈവിങ് പരിശീലന സ്ഥാപനം ഉപയോഗിച്ചിരുന്ന കാര്‍ കാലപ്പഴക്കം കാരണം ഒന്നര വര്‍ഷം മുന്‍പു പൊളിക്കാനായി കൈമാറിയതായി സ്ഥാപന ഉടമ പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്നു കാര്‍ വാങ്ങിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ, കൊലപാതകത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന വാളുകള്‍ കണ്ണന്നൂരില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇവയിലുണ്ടായിരുന്ന രക്തക്കറ സഞ്ജിത്തിന്റേതാണോയെന്ന് അറിയാന്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
എന്നാല്‍, പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണു ബിജെപിയും ആര്‍എസ്എസും. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ഇരു സംഘടനകളുടെയും ആവശ്യം. ഇതുസംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും.
Also Read: ദത്ത് വിവാദം: ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചു, അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമ