പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നാണ് പൊലീസ് പറയുന്നത്. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ പ്രതിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞിരുന്നു.
നവംബർ 15നു രാവിലെ ഭാര്യയ്ക്കൊപ്പം ബൈക്കില്‍ പോകവെയാണു സഞ്ജിത്ത് കൊല്ലപ്പെട്ടത്. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് കേസിൽ അറസ്റ്റ് ഉണ്ടായത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാഖ് എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണു സുബൈര്‍. ഇയാളുടെ മുറിയില്‍നിന്നാണ് മറ്റു രണ്ടു പേരെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർക്ക് കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
Also Read: സഞ്ജിത്ത് വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ