പാലക്കാട്: എലപ്പുള്ളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരൻ പിടിയില്‍. എസ്.ഡി.പി.ഐ പ്രവർത്തകനായ കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും കൊലപതകത്തിലും ഇയാൾ നേരിട്ട് പങ്കെടുത്തിരുന്നു എന്നാണ് വിവരം. ഇതോടെ സഞ്ജിത്ത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് ഒരുമാസം മുമ്പ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിലെ മുഖ്യസൂത്രധാരനാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയ്ക്ക് പൊലീസ് മേധാവി മാധ്യമങ്ങളെ കാണുന്നുണ്ട്. പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അപ്പോൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.
സഞ്ജിത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികളെല്ലാം എസ്.ഡി.പി.ഐ – പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
നവംബര്‍ 15 ന് രാവിലെ ഒൻപതോടെയായിരുന്നു കൊലപാതകം നടന്നത്. ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണു സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു ഇരുവരും. കാറിലെത്തിയ സംഘം സഞ്ജിത്തിനെ ബൈക്കിൽനിന്നു ബലം പ്രയോഗിച്ച് റോഡിലേക്കു വലിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Also Read: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് വെട്ടിയാര്‍; ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി