തിരുവനന്തപുരം: ആർഎസ്എസ് കാര്യവാഹക് രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആർ. ബിജെപി-ഡിവൈഎഫ്ഐ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് എഫ്ഐആറിലുളളതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 11 പേരാണ് കൊലപാതകത്തിൽ പങ്കെടുത്തത്. ഇതിൽ 7 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി. അതിനുശേഷം ശാഖ കഴിഞ്ഞ് മടങ്ങുകയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

അതിനിടെ, കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പിടിയിലായവരുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പിടിയിലാകാനുണ്ട്. ഇയാൾക്കുവേണ്ടിയുളള തിരച്ചിൽ ഊർജിതമാക്കി.

ശനിയാഴ്ച രാത്രിയാണ് ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷ് (34) വെട്ടേറ്റു മരിച്ചത്. ​ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ