കണ്ണൂർ: ന്യൂ മാഹിയിലെ  ബിജെപി  പ്രവർത്തകനായ ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിലായി. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആറ് പേരാണ് അറസ്റ്റിലായത്.

ന്യൂമാഹി സ്വദേശി മുഹമ്മദ് ഫൈസൽ, പി.സജീഷ്, കെ.രഹിൻ എന്നിവരെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 19 ന് മൂന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് അറസ്റ്റ് ചെയ്ത മൂന്നു പേർക്കും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

വടകരയിലെ  ലോഡ്ജിൽ നിന്നുമാണ് സിപിഎമ്മുകാരായ മൂന്നു പേരെ മെയ് 19 ന് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം പ്രവർത്തകരായ ഷാജി, ഷബിൻ, ലിബിൻ എന്നിവരാണ് അറസ്റ്റിലായത്.

മെയ് ഏഴിന് രാത്രിയാണ്  ബിജെപി  പ്രവർത്തകനായ പറമ്പത്ത് ഷമേജിനെ (36) കൊലപ്പെടുത്തിയത്. സിപിഎം പ്രാദേശിക നേതാവ് കണ്ണിപൊയിൽ ബാബുവിനെ മാഹി പളളൂരിൽ ബിജെപിക്കാർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രാത്രി ഒമ്പത് മണിയോടെയായിരുന്നു ഈ സംഭവം. ഈ സംഭവത്തിന് ശേഷം മണിക്കൂറിനകം ആർഎസ്എസ് പ്രവർത്തകനായ ഷമേജിന് നേരെ ആക്രമണം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

ബാബുവിന്റെ കൊലപാതകത്തിനുളള തിരിച്ചടിയാണ് ഷമേജിന്റെ കൊലപാതകം എന്നാണ് പൊലീസ് വിലയിരുത്തൽ. ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ ബിജെപിക്കാരായ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ