തിരുവനന്തപുരം: തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പോലീസ്. സംഭവത്തില്‍ എട്ടു പേര്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. പിടിയിലായവരില്‍ 6 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരും 4 പേര്‍ സഹായം നല്‍കിയവരുമാണെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ – വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രദേശത്ത് പ്രാദേശിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും പോലീസ് പറഞ്ഞു. ഐ ജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

മണിക്കുട്ടന്‍, ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ്, അജിത്ത് എന്നിവര്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഒളിവിലായിരുന്ന പ്രതികളെ ഡിവൈഎസ്പി പ്രമോദ് കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് കാട്ടക്കട പുലിപ്പാറയില്‍നിന്ന് പിടികൂടിയത്.

തലസ്ഥാനത്തെ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. സംസ്ഥാനത്തെ സംഘർഷത്തെ കുറിച്ചുള്ള വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് അറിയിക്കാനായിരുന്നു ഫോണിൽ കേന്ദ്രമന്ത്രിയുടെ വിളി.

തിരുവനന്തപുരത്ത് നിന്നുള്ള അക്രമ പരമ്പരകളുടെ വാർത്തകൾ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ രാജ്നാഥ് സിംഗ്, അക്രരമ സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് ഇന്നലെ രാത്രി കൊല ചെയ്യപ്പെട്ട സംഭവത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര ഇടപെടലിനായി ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിളി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ