തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു മരിച്ചു. ആർഎസ്എസ് കാര്യവാഹക് രാജേഷാണ് ഇന്നലെ വൈകിട്ട് അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
അക്രമത്തിൽ രാജേഷിന്റെ ഇടതു കൈപ്പത്തി അറ്റുപോയിരുന്നു. ശരീരത്തിൽ 40 ലധികം മുറിവുകളുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു.
ഇടവക്കോട് കരിന്പുക്കോണത്ത് ആര്.എസ് .എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സി പി ഐ എമ്മിന് യാതൊരു ബന്ധവുമില്ല എന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി ശ്രീകാര്യം ഭാഗത്ത് സി പി എമ്മും ബി ജെ പിയും തമ്മിൽ നടന്നു വന്ന സംഘർഷത്തിന്റെ തുടർച്ചയിലാണ് ഇതെന്ന് സംശയിക്കപ്പെടുന്നു. സി പി എമ്മാണ് അക്രമത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു. പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അക്രമികൾ ആരാണെങ്കിലും കർശന നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി പ്രഖ്യാപിച്ചു.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ എസ് സുരേഷ് ആരോപിച്ചു . അക്രമികളെ ഉടൻ പിടികൂടണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മണക്കാട് ഐരാണിമുട്ടത്ത് എസ് എഫ് ഐയുടെ പതാകയും കൊടിമരവും നശിപ്പിച്ചതും ഡി വൈ എഫ് ഐ നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സി പി എം – ബി ജെ പി സംഘർഷം പൊട്ടിപ്പുറട്ടിരുന്നു. തുടർന്ന് ഇരുഭാഗത്തും ആക്രമണങ്ങളുണ്ടായി. സി പി എം കൗൺസിലർ ഐപി ബിനു, കോടിയേരിബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട് തുടങ്ങിയ സ്ഥലങ്ങളും ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. ഇരുഭാഗത്തേയ്ക്കും ആക്രമണങ്ങൾ നടന്നു. അനിഷ്ട സംഭവങ്ങളിലുൾപ്പെട്ട പത്തോളം പേരെ ഇരുഭാഗത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.