കൊച്ചി: ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ വനിത പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചുവെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. കോഴിക്കോട് നടന്ന ആചാര സംരക്ഷണ സംഗമത്തിൽ സംസാരിക്കവേയാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ 15 വനിത പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
”ശബരിമലയിൽ ഏതാനും വനിത പൊലീസുകാരെ നിയോഗിച്ചിരുന്നു. അതിൽ ഒരാളുടെ ഭർത്താവിന് പ്രായം 49 ആയിരുന്നു. ഭർത്താവിന് 49 ആണെങ്കിൽ ഭാര്യയ്ക്ക് 48, 47, 46 വയസ്സേ ഉണ്ടാകൂവെന്ന് കണക്കുകൂട്ടിയപ്പോൾ തോന്നി. ഇക്കാര്യം അവിടെ ഉണ്ടായിരുന്ന രണ്ടു എസ്‌പിമാരുമായി സംസാരിച്ചു. സന്നിധാനത്ത് ഉണ്ടായിരുന്ന 15 വനിത പൊലീസുകാരുടെയും ജനന സർട്ടിഫിക്കറ്റ് ഞങ്ങൾ പരിശോധിച്ചു. അവരെല്ലാം 50 വയസ്സിന് മുകളിൽ പ്രായമുളളവരായിരുന്നു.”, തില്ലങ്കേരി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും തില്ലങ്കേരി പരിഹസിച്ചു. ”മുഖ്യമന്ത്രി, എവിടെയാണ് നിങ്ങൾ പറഞ്ഞ യുവതികളായ 50 വനിത പൊലീസുകാർ. അവരിൽ ഒരാൾ പോലും ശബരിമലയിൽ പോകാൻ തയ്യാറാവില്ല. അവരെ അവിടെ കൊണ്ടുപോകാനുളള കഴിവ് നിങ്ങൾക്കുണ്ടോ? ഇല്ല.”
തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലയിൽ എത്തിയ തില്ലങ്കേരി പ്രതിഷേധക്കാരെ പൊലീസ് മെഗാഫോണിലൂടെ നിയന്ത്രിച്ചതും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും വിവാദമായിരുന്നു.