തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസ് ആസൂത്രിതമായി ആക്രമണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരമാണ് ആർഎസ്എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭരണമെന്ന ഓലപ്പാമ്പ് കാട്ടി സിപിഐമ്മിനെ പേടിപ്പിക്കാൻ കഴിയില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുപക്ഷ സർക്കാരിനെ പിരിച്ചുവിടാമെന്നത് വെറും സ്വപ്നം മാത്രമാണെന്നും ഒ. രാജഗോപാലിനോട് വിരോധമുള്ളവരായിരിക്കും സഭ പിരിച്ചുവിടണമെന്ന് വിചാരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സിപിഎമ്മുകാരല്ലത്തവരെയും ആർഎസ്എസ് കൊലപ്പെടുത്തുന്നുണ്ട്. ഇതൊന്നും ബിജെപി ദേശീയ നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണ്. കൊലപാതകങ്ങളുടെ കണക്ക് നോക്കി പിരിച്ചു വിടാനാണെങ്കിൽ ആദ്യം ഉത്തർപ്രദേശ് സർക്കാരിനെ ആദ്യം പിരിച്ചുവിടണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിയിൽ അപാകത സംസ്ഥാന കമ്മിറ്റി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗർണറുമായി മുഖ്യമന്ത്രിക്കു ആശയവിനിമയം നടത്തണമായിരുന്നു. സർക്കാരുമായി ഗവർണർക്കു നല്ല ബന്ധമാണ് ഉള്ളത്. ഗവർണർ രാഷ്ട്രീയപരമായി ഇടപെടുകയാണെങ്കിൽ അതിനെ പാർട്ടി ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ സിപിഐഎം സംസ്ഥാന സമ്മേളനം 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കമെന്ന് കോടിയേരി​ അറിയിച്ചു.. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കമ്മറ്റികള്‍ക്ക് സംസ്ഥാന സമിതി നിര്‍ദ്ദേശം നല്‍കി. സെപ്തംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ച് ഡിസംബറോടെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്ത്രീകൾക്കും യുവാക്കൾക്കും നേത്രനിരയിൽ കൂടുതൽ പ്രാധിനിധ്യം നൽകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ