തിരുവനന്തപുരം: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് നിന്നാണ് മോഹന്‍ലാല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നടന്‍ എന്നതിനപ്പുറം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയെന്ന നിലയില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കാനാണ് ആര്‍എസ്എസ് നീക്കം. മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് ഉയര്‍ത്തിക്കാണിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മോഹന്‍ലാല്‍ ബിജെപിയില്‍ ചേർന്നേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇതുവരെയും ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ആര്‍എസ്എസിന് അകത്ത് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ജന്മാഷ്ടമി നാളില്‍ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതില്‍ മോഹന്‍ലാല്‍ സന്തോഷം പ്രകടിപ്പിച്ചു. മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഈ കൂടിക്കാഴ്ചയും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.

നവകേരളത്തിന്റെ നിര്‍മ്മാണത്തിന് എല്ലാവിധ പിന്തുണകളും മോദി അറിയിച്ചതായി ഇന്നലെ മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. വിശ്വശാന്തി ട്രസ്റ്റിന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങാനുളള പദ്ധതിയും  പ്രധാനമന്ത്രി അഭിനന്ദിച്ചതായി മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വെള്ളപ്പൊക്ക സമാശ്വാസ പ്രവര്‍ത്തനങ്ങളിലും വിശ്വശാന്തി ഫൗണ്ടേഷന്‍ സജീവമായിരുന്നു. വയനാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യ പ്രവര്‍ത്തനങ്ങള്‍. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പലരും ആര്‍എസ്എസുമായി ബന്ധമുളളവരാണ്.

ഇന്നലെ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഇന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ പ്രചോദനകരമാണെന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘മോഹൻലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു. സാമൂഹ്യപ്രവർത്തനരംഗത്തെ അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങൾ വളരെ മികച്ചതും പ്രചോദനം നൽകുന്നതുമാണ്’–മോദി പറഞ്ഞു. ഇത് കൂടാതെ മോഹന്‍ലാലിനെ ട്വിറ്ററില്‍ പ്രധാനമന്ത്രി ഫോളോ ചെയ്തിട്ടുമുണ്ട്.

പ്രധാനമന്ത്രിയുടെ ട്വീറ്റിന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ നന്ദി പറഞ്ഞു. തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചതിന് അഭിമാനകരമാണെന്നും കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്ന ഘട്ടത്തില്‍ പിന്തുണ ഉറപ്പ് നല്‍കിയതിനും നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രിയ്ക്ക് പ്രണാമം പറഞ്ഞുകൊണ്ട് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യക്ഷേമ പ്രവര്‍ത്തകനെന്ന നിലയില്‍ മോഹന്‍ലാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ‘നടനെന്ന നിലയില്‍ മോഹന്‍ലാല്‍ പ്രശസ്തനാണ്. പക്ഷെ കേരളത്തില്‍ വിജയിക്കാന്‍ അത് മാത്രം പോര. അതുകൊണ്ടാണ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത്,’ മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തേ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിക്കാനായിരുന്നു ആര്‍എസ്എസ് പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ അദ്ദേഹം മിസോറാം ഗവര്‍ണര്‍ ആയതോടെയാണ് മോഹന്‍ലാലിലേക്ക് ശ്രദ്ധ തിരിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.