കൊച്ചി: ആർഎസ്എസുകാർ നിയമസഭാമന്ദിരത്തിന്റെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായതല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അവര്‍ പിണറായിയെപ്പോലെ കൊലക്കേസ് പ്രതികളുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങൾ തെരഞ്ഞെടുത്തവരെ ഗ്യാലറിയിലിരുന്ന് കളികണ്ടവർ പരിഹസിക്കുന്നതു കാണുമ്പോള്‍ പരമപുഛമാണ് തോന്നുന്നത്. ഇനിയിപ്പോൾ രാഷ്ട്രപതിയെ വേണമെങ്കിൽ ഒരു ആർ എസ് എസുകാരാനാക്കാനുള്ള ഭൂരിപക്ഷം ജനങ്ങൾ തന്നു കഴിഞ്ഞു. വല്ലാതെ ഈർഷ്യ തോന്നുന്നുണ്ടെങ്കിൽ ചൊറിച്ചിലിനുള്ള മരുന്നു വാങ്ങി പുരട്ടുകയേ രക്ഷയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ. അവർ തിരസ്കരിക്കുന്ന കാലത്ത് അന്തസ്സായി പ്രതിപക്ഷത്തിരിക്കും. അങ്ങേയററം ക്ഷമയോടെ അൻപതുകൊല്ലം പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. മര്യാദക്കു ഭരണം നടത്താനാണ് പിണറായിക്കു ജനങ്ങൾ വോട്ടുനൽകിയത്. അതുചെയ്യാതെ നാലു ന്യൂനപക്ഷവോട്ടിനുവേണ്ടി അവിടെയും ഇവിടെയും നടന്ന് ബി. ജെ. പി യെ ആക്ഷേപിക്കാൻ നടക്കേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷങ്ങൾക്കു കാര്യം പിടി കിട്ടിത്തുടങ്ങിയിട്ടുണ്ട്. ത്രിപുരയിലേയും കേരളത്തിലേയും ജനങ്ങൾ പൊതുതെരഞ്ഞെടുപ്പു വരാൻ കാത്തിരിക്കുകയാണ് നിങ്ങളെ പാഠം പഠിപ്പിക്കാനെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

ഹൈദരാബാദില്‍ സിപിഎം സംഘടിപ്പിച്ച പദയാത്രാ വേദിയില്‍വെച്ച് ആര്‍എസ്എസിനെ മുഖ്യമന്ത്രി ശക്തമായി വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിന്റെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും അപിണറായി ശക്തമായി വിമര്‍ശിച്ചു. വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും പ്രതീകമാണ് യോഗിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബിജെപി രാജ്യത്ത് അപരാജിതരായി മാറുകയാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ