തൃശ്ശൂര്‍: സംവിധായകന് പ്രിയനന്ദനെ ആക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂരില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പ്രതിയെ കണ്ടാല്‍ അറിയാമെന്ന് പ്രിയനന്ദനന് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കൊടുങ്ങല്ലൂരില്‍ നിന്നും പിടികൂടിയത്. പ്രിയനന്ദനന്റെ ശബരിമല പോസ്റ്റില്‍ പ്രകോപിതനായാണ് ഇത് ചെയ്തതെന്ന് സരോവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അല്പ സമയത്തിനകം തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.
തനിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് പ്രിയനന്ദനന്റെ ആരോപണം. ‘ഞാന്‍ പതിവായി രാവിലെ കടയിലേക്ക് പോകുന്നയാളാണ്. സാധാരണ രാവിലെ ഏഴ് മണിക്കാണ് പോകാറുളളത്. ഇന്ന് പോയപ്പോള്‍ ഒന്‍പത് മണിയായി. കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.’
‘കണ്ടാല്‍ അറിയാവുന്ന ആളാണ് ആക്രമണത്തിന് പിന്നില്‍. പ്രദേശത്തെ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകനാണ് ഇയാള്‍. രാവിലെ മുതലേ തന്നെ കാത്ത് വഴിയരികില്‍ അടച്ചുവെച്ച ബക്കറ്റുമായി അയാള്‍ ഇരിപ്പുണ്ടായിരുന്നുവെന്നാണ് സംഭവം കണ്ട ഒരാള്‍ പറഞ്ഞത്,’ എന്നും പ്രിയനന്ദനന് പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പ്രിയനന്ദനന് ഇട്ട കുറിപ്പ് വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുകയും ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പ്രിയനന്ദനന് പിന്‍വലിക്കുകയും ചെയ്തു. പ്രിയനന്ദനന് ഉണ്ടായിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ആക്രമണം. ആക്രമണത്തിന് പിന്നാലെ പ്രിയനന്ദനന് ആശുപത്രിയില്‍ ചികിത്സ തേടി. ഈ ആക്രമണത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു.