തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത്ത് നടത്തിയ കൊലവിളിക്കെതിരെ നിയമസഭാ പ്രമേയം. മന്ത്രി എ.കെ.ബാലൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ചന്ദ്രാവത്തിനെതിരെ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട പ്രമേയം നിസാര വകുപ്പുകൾ മാത്രം ചേർത്ത് കേസെടുത്തത് നിർഭാഗ്യകരമാണെന്ന് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം നൽകുമെന്നായിരുന്നു ചന്ദ്രാവത്തിന്റെ പ്രസ്താവന. ബിജെപിയുടെ ജനപ്രതിനിധികൾ ഉൾപ്പെടുന്ന സമ്മേളനത്തിൽ വച്ച് ഉജ്ജയിനിയിൽ നടത്തിയ പ്രസ്താവന വൻവിവാദമായി. ആദ്യഘട്ടത്തിൽ താൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ആർഎസ്​എസുകാർ കൊല്ലപ്പെടുന്നുണ്ടെന്നും അതിന് പ്രതികാരമായി മുഖ്യമന്ത്രിയുടെ തലകൊയ്യണമെന്നുമായിരുന്നു ചന്ദ്രാവത്തിന്റെ നിലപാട്. എന്നാൽ വിമർശനവും പ്രതിഷേധവും കടുത്തതോടെ ബിജെപിയും ആർഎസ്എസ്സും ചന്ദ്രാവത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി. ചന്ദ്രാവത്ത് പ്രസ്താവന പിൻവലിച്ചു.

വധ ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ച് പൊലീസ് തീരുമാനമുണ്ടായി. നേരത്തെ മധ്യപ്രദേശിൽ മലയാളി സമാജത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ പോയ പിണറായി വിജയനോട് സുരക്ഷാ കാരണങ്ങളാൽ പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി അതിൽ പങ്കെടുക്കാതെ തിരിച്ചു വന്നു. തുടർന്ന് കഴിഞ്ഞ മാസം മംഗളുരുവിൽ നടന്ന മതസൗഹാർദ റാലിയിൽ പങ്കെടുക്കുന്നത് തടയുമെന്ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ചു. ഇതിനായി ഹർത്താലും പ്രഖ്യാപിച്ചു. എന്നാൽ ബെംഗളുരൂ സർക്കാർ ശക്തമായ നടപടികളെടുത്തതോടെ സംഘപരിവാർ നിലപാട് മാറ്റി. മുഖ്യമന്ത്രി മംഗളുരൂവിലെ പരിപാടിയിൽ പങ്കെടുക്കുയും ചെയ്തു. ഇതിന് ശേഷം കേരളത്തിലെ ബിജെപി നേതാക്കൾ തന്നെ ആർഎസ്എസ് വിചാരിച്ചാൽ മുഖ്യമന്ത്രിയെ തടയാനാകുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ