പാലക്കാട്: എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് വീണ്ടും ആക്രമണം. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് നേരെ ആക്രമണം ഉണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി ആറ് പേരടങ്ങുന്ന സംഘമാണ് ശ്രീനിവാസനെ വെട്ടാൻ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ശ്രീനിവാസന്റെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആറംഗ സംഘത്തിൽ മൂന്ന്പേര്‍ സ്ഥാപനത്തിനുള്ളിലേക്ക് ഒാടിക്കയറി ആക്രമിച്ച ശേഷം വാഹനങ്ങളില്‍ തിരിച്ച് കയറുന്നതായും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
കൈയ്ക്കും കാലിനും തലയ്ക്കുമാണ് ശ്രീനിവാസന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശ്രീനിവാസന്‍. കടയിലെത്തിയായിരുന്നു അക്രമികള്‍ ശ്രീനിവാസനെ വെട്ടി പരിക്കേല്‍പ്പിച്ചത്. രണ്ട് ബൈക്കുകളിലായി അഞ്ച് പേരടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
ഇന്നലെ ഉച്ചയോടെയായിരുന്നു എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറും കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങവെ പിതാവിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ തുടര്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വേണമെന്ന് ഡിജിപി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Also Read: സുബൈര്‍ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി