കണ്ണൂർ: ജില്ലയിലെ പ്രമുഖ ആർഎസ്എസ് നേതാവ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. ആർ എസ് എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് സി.വി സുബഹ് ആണ് ആർഎസ്എസ് വിട്ട് ചെങ്കൊടി പിടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബാലഗോകുലം കണ്ണൂർ ജില്ലാ സംഘടനാ സെക്രട്ടറി,ഹിന്ദു ഐക്യവേദി തലശേരി താലൂക്ക് ജനറൽ സെക്രട്ടറി, സേവാഭാരതിയുടെ  സേവന വാർത്ത വടക്കൻ കേരളം സംയോജകൻ എന്നീ ചുമതല വഹിച്ചിട്ടുള്ള വ്യക്തിയാണ് സുബഹ്.

തലശ്ശേരി ധർമ്മടം സ്വദേശിയായ സുബഹ് ജന്മഭൂമിയുടെ സബ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. സിപിഎമ്മിലേക്കുള്ള സുബഹിന്റെ വരവ് സിപിഎം നേതൃത്വം സ്ഥിരീകരിച്ചു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി സുബഹ് പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ജനുവരി 20 ശനിയാഴ്ച സുബഹിന് സിപിഎം സ്വീകരണം നൽകുന്നുണ്ട്. ധർമ്മടത്തെ ചിറക്കുനിയിൽവെച്ച് നടക്കുന്ന പൊതുയോഗത്തിൽവെച്ചാണ് സുബഹിനെ സ്വീകരിക്കുന്നത്. സിപിഎം ജില്ല സെക്രട്ടറി പി. ജയരാജനാണ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

നേരത്തെ ബി ജെപിയുടെ ജില്ല പ്രസിഡന്ര് ഒ.കെ വാസു, ആർ എസ് എസ്, ബി ജെ പി എന്നീസംഘടനകളിലെ ജില്ലയിലെ പ്രധാനികളായ അശോകൻ  സുധീഷ് മിന്നി എന്നിവരും സിപി എമ്മിൽ  ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഇവർ മൂന്നു പേരും  ഇപ്പോൾ സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന നേതാക്കളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ