തിരുവനന്തപുരം: ശബരിമല കർമ്മ സമിതി ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകായ പ്രവീണെന്ന് പൊലീസ്. ഇദ്ദേഹം നാല് ബോംബുകൾ പൊലീസ് സ്റ്റേഷന് നേരെ എറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നെടുമങ്ങാട് പൊലീസാണ് പുറത്തുവിട്ടത്.
വീഡിയോയിൽ നാല് തവണയാണ് പൊലീസ് സ്റ്റേഷന് നേർക്ക് ബോംബ് എറിയുന്നത്. നെടുമങ്ങാട് സംഘർഷം നിയന്ത്രിക്കാൻ പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന പൊലീസുകാരുടെ തൊട്ടു മുന്നിലാണ് ബോംബുകൾ വീണ് പൊട്ടിയത്. ബോംബാക്രമണം ഉണ്ടായതോടെ പൊലീസുകാർ ചിതറിയോടി.
ഈ സംഭവത്തിൽ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിഞ്ഞിരുന്നു. ആരാണ് ബോംബെറിഞ്ഞതെന്ന് എന്നാൽ വ്യക്തമായിരുന്നില്ല. ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇന്ന് പ്രതിയെ തിരിച്ചറിഞ്ഞത്.
നെടുമങ്ങാട് നൂറനാട് സ്വദേശിയാണ് ആര്‍എസ്എസ് ജില്ലാ പ്രചാരകായ പ്രവീൺ എന്നാണ് പൊലീസ് നൽകുന്ന വിവരം. മുണ്ട് മടക്കിക്കുത്തിയ പ്രവീൺ ഇടംകൈയ്യിൽ സൂക്ഷിച്ചിരുന്ന കവറിൽ നിന്ന് ബോംബുകൾ ഒന്നൊന്നായി എടുത്ത് എറിയുന്നതായാണ് ദൃശ്യങ്ങളിലുളളത്. സെക്കന്റുകളുടെ ഇടവേളയിലാണ് നാല് ബോംബുകളും എറിഞ്ഞത്.
നെടുമങ്ങാട് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ ഹർത്താൽ ദിവസം സംഘർഷം ഉണ്ടായിരുന്നു. ഇത് പൊലീസ് നിയന്ത്രിക്കുന്നതിനിടയിലാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണോ ആര്‍എസ്എസ് പ്രവര്‍ത്തകരാണോ ബോംബ് എറിഞ്ഞതെന്ന് വ്യക്തമായിരുന്നില്ല. പൊലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു ആക്രമണം. അതേസമയം പ്രവീൺ ഒളിവിലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.