തിരുവനന്തപുരം: കാസര്‍ഗോഡ് ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍.

‘എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിജെപി – ആര്‍എസ്എസ് കൊലപ്പെടുത്തുന്ന 17-ാമത്തെ പ്രവര്‍ത്തകനാണ് അബ്ദുള്‍ സിദ്ദിഖ്. ഒരു ഭാഗത്ത് എസ്ഡിപിഐ യും മറുഭാഗത്ത് ആര്‍എസ്എസും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.’ കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ അക്രമി സംഘം കുത്തികൊലപ്പെടുത്തിയതിന്റെ വേദന നാട് ഇപ്പോഴും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ കൊലപാതകത്തിലൂടെ പുറത്തുവരുന്നത്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബിജെപി ജനശ്രദ്ധ തിരിച്ചു വിടാനാണ് സംസ്ഥാനത്താകെ അക്രമങ്ങള്‍ വ്യാപിപ്പിയ്ക്കുന്നത്. നാട്ടില്‍ സമാധാനം ആഗ്രഹിയ്ക്കുന്ന മുഴുവന്‍ ആളുകളും ഈ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിയ്ക്കണമെന്നും, പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (25) ആണ് മരിച്ചത്. രാത്രി വീട്ടിലേക്ക് വരികയായിരുന്ന സിദ്ദിഖിനെ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിദ്ദിഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ അച്ചു എന്ന അശ്വിനാണ് ഒന്നാം പ്രതി.അതേസമയം, പ്രകോപനമില്ലാതെയാണ് ആര്‍എസ്എസ് സംഘം അക്രമം അഴിച്ചു വിട്ടതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.