പമ്പ: അയ്യപ്പഭക്തനമാരുടെ വേഷത്തിലെത്തിയ ആര്‍എസ്എസ് ക്രിമനലുകളാണ് പമ്പയിലും നിലയ്ക്കലിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആക്രമണം അഴിച്ചിവിടുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

‘ഈ ആക്രമണം ലോകം കണ്ടു നില്‍ക്കുകയാണ്. സ്ത്രീകള്‍, കുടുംബങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ഭക്തര്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയെല്ലാമാണ് ആക്രമണം നടത്തുന്നത്. ഇത് പൊലീസിന് കൈയുംകെട്ടി കണ്ടു നില്‍ക്കാന്‍ കഴിയില്ല’ എന്ന് കടകംപള്ളി പറഞ്ഞു.

ആര്‍എസ്എസിന് ആരാണ് അനുമതി നല്‍കിയത്, കൊള്ളരുതായ്മ കാട്ടി അയ്യപ്പഭക്തന്മാരുടെ തലയില്‍ കെട്ടി വെക്കുകയാണ് ആര്‍എസ്എസ്. ഒരൊറ്റ അയ്യപ്പ ഭക്തനും ഇങ്ങനെ ആക്രമണം നടത്തില്ല. ആക്രമണത്തില്‍ നിന്നും ആര്‍എസ്എസ് മടങ്ങണമെന്നും കടകംപള്ളി ആര്‍എസ്എസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഈ പുണ്യഭൂമിയ കലാപ കലുഷിതമാക്കരുതെന്നാണ് ശ്രീധരന്‍പിള്ളയോടുള്ള തന്റെ അഭ്യര്‍ത്ഥനയെന്നും കടകംപള്ളി പറഞ്ഞു.

ബിജെപി നേതാവ് കെ. സുരേന്ദ്രനെ താന്‍ കണ്ടിരുന്നു. സ്ത്രീപ്രവേശന വിധിയെ അനുകൂലിക്കുകയും വിശ്വാസങ്ങളില്‍ പരിഷ്‌ക്കാരം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയത് സുരേന്ദ്രനെപോലുള്ളവരാണ് സമരംനടത്തുന്നതെന്നും കടകംപള്ളി പറഞ്ഞു.

വിശ്വാസത്തെ അലങ്കോലപ്പെടുത്താനുള്ള ആര്‍എസ്എസ് ശ്രമമാണ് സമരമെന്ന് മന്ത്രി ഇപി ജയരാജനും പറഞ്ഞു. ശബരിമലയിലെ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഴിഞ്ഞാടാന്‍ ആരേയും അനുവദിക്കില്ലെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

വിശ്വാസികളെ തടയുകയും അക്രമിക്കുകയും ചെയ്യുന്ന ഒരു നടപടിയേയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച് പ്രാര്‍ത്ഥിക്കാനും ആചാരവും പാലിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ അവകാശത്തെ ചോദ്യം ചെയ്യാന്‍ ജനാധിപത്യ സംവിധാനത്തിന് കഴിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത തക്കത്തിലുള്ള നടപടി തന്നെയെടുക്കാന്‍ ശ്രമിക്കുമെന്നും വിശ്വാസത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഇപി പറഞ്ഞു. അക്രമത്തിന് ഉത്തരവാദികളായവരെയും നേതൃത്വം കൊടുത്തവരെയും കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

ഇന്നത്തെ അക്രമസംഭവങ്ങളില്‍ വലിയ നാശനഷ്ടമാണുണ്ടായതെന്ന് ഇ.പി.ജയരാജന്‍ വ്യക്തമാക്കി. അഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. നാല് പൊലീസുകാര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്ന തീര്‍ഥാടകര്‍ക്കെതിരെ പോലും ഭീഷണികളുണ്ടായി. പത്ത് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

”വിശ്വാസികളുടെ മുഖംമൂടിയണിഞ്ഞ് വന്ന ആര്‍എസ്എസ് ബിജെപി ക്രിമിനലുകളാണ് ഇതിന് പിറകില്‍. സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് നടപ്പാക്കുന്നത്. ശബരിമലയിലെത്തണമെന്നാഗ്രഹിച്ച് വരുന്ന ഏത് വിശ്വാസിയെയും അവിടെയെത്തിയ്ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.” മന്ത്രി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ