തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ട് കച്ചവട ആരോപണം ശക്തമാക്കി മുന്നണികള്‍. സംസ്ഥാനത്ത് സിപിഎം-ബിജെപി വോട്ട് കച്ചവടമാണു നടക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനു മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. നേരത്തെ നടത്തിയിട്ടുള്ള വോട്ട് കച്ചവടത്തിന്റെ ജാള്യത മറച്ചുവയ്ക്കാനാണു കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കോന്നിയിലല്ല കേരളത്തില്‍ വേറൊരു മണ്ഡലത്തിലും സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ട് ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. പാലായിൽ കണ്ടതു വോട്ട് കച്ചവടത്തിന്റെ തെളിവാണെന്നു ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മാറ്റിയതിനു കാരണം ബിജെപി-സിപിഎം ധാരണയാണെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹ്ന്നാനും ആരോപിച്ചു.
Read Also: മഹാത്മാ ഗാന്ധി കണ്ട ഏക ഹിന്ദി ചിത്രം!
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം വോട്ട് കച്ചവട ആരോപണം ഉയർത്തിയിരുന്നു. വോട്ട് കച്ചവടത്തിനു തെളിവുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. അതിരൂക്ഷമായ ഭാഷയിലാണു മുഖ്യമന്ത്രി മുല്ലപ്പള്ളിക്കു മറുപടി നൽകിയത്.
സിപിഎമ്മിനെക്കുറിച്ചും എല്‍ഡിഎഫിനെക്കുറിച്ചും ജനങ്ങള്‍ക്കു കൃത്യമായി അറിയാമെന്നു മുഖ്യമന്ത്രി പറഞ്ഞു. “സിപിഎമ്മിനെക്കുറിച്ചും എല്‍ഡിഎഫിനെക്കുറിച്ചും ജനങ്ങള്‍ക്കു കൃത്യമായി അറിയാം. കുറച്ച് വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. അതുതന്നെയാണു ഞങ്ങളുടെ കരുത്തും ശക്തിയുമായി ജനങ്ങള്‍ കാണുന്നത്” പിണറായി വിജയന് പറഞ്ഞു.
Read Also: നാല് വോട്ടിന് വേണ്ടി എന്തും ചെയ്യുന്നവരല്ല, തെളിവുണ്ടെങ്കില്‍ മുല്ലപ്പള്ളി പുറത്തുവിടണം: പിണറായി
മുല്ലപ്പള്ളി രാമചന്ദ്രന് ശരിയായ ഉദ്ദേശത്തോടെയാണു വെല്ലുവിളി ഉയര്‍ത്തിയതെങ്കില്‍ അതു സ്വീകരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കച്ചവട ആരോപണത്തില്‍ എന്തു തെളിവാണു മുല്ലപ്പള്ളിയുടെ കയ്യിലുള്ളതെങ്കില്‍ അതു മുന്നോട്ടുവയ്ക്കാമെന്നും പിണറായി വിജയന് ഡല്‍ഹിയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കില്‍ അതു മുല്ലപ്പള്ളിക്കു വെളിപ്പെടുത്താം. ഇത്തരത്തിലുള്ള പൊയ്വെടികള് കൊണ്ട് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയന് വ്യക്തമാക്കി.