തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ എയ്ഡഡ് സ്‌കൂളിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തുന്നത് വിലക്കിയ സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി പാലക്കാട് ജില്ലാ പ്രസ‌ിഡന്റ് ആണ് ഈ വിഷയത്തിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് ചീഫ് സെക്രട്ടറിയോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടത്.

ആർഎസ്എസ് അനുഭാവികളായവരുടെ മാനേജ്‌മെന്റ് നടത്തുന്ന കർണകിയമ്മൻ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക ഉയർത്താനായി തീരുമാനിച്ചിരുന്നത് മോഹൻ ഭാഗവതിനെ ആയിരുന്നു. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്ന് കാട്ടി കലക്‌ടർ നോട്ടീസ് നൽകുകയും പതാക ഉയർത്തുന്നത് വിലക്കുകയുമായിരുന്നു.

എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കലക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കലക്ടര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ വിലക്കുകളെയും മറികടന്നാണ് ആര്‍എസ്എസ് നേതൃത്വം പതാക ഉയര്‍ത്തല്‍ ചടങ്ങുമായി മുന്നോട്ട് പോയത്.

ജില്ലാ കലക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചടങ്ങിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു. ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നാണ് ഉയര്‍ന്ന ആരോപണം. പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്നാണ് ഉയരുന്ന പരാതി. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനമാണ് ചൊല്ലേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ