ന്യൂഡല്‍ഹി: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന മുൻ നിലപാടിൽ നിന്ന് ആർഎസ്എസ് ദേശീയ നേതൃത്വം പിൻവലിഞ്ഞു. വിശ്വാസികളുടെ വികാരം തളളിക്കളയരുതെന്നും സുപ്രീം കോടതി വിധി മറികടക്കാൻ നിയമം നിർമ്മിക്കണമെന്നും ആർഎസ്എസ് ഇന്ന് പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ആർഎസ്എസിന്റെ സർകാര്യവാഹക് വൈആർഐ ജോഷി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. “ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ രാജ്യത്താകമാനം ഭിന്നാഭിപ്രായങ്ങൾക്ക് കാരണമായിട്ടുണ്ട്. ക്ഷേത്ര ആചാരങ്ങളെ ബഹുമാനിക്കുന്ന നമ്മൾ സുപ്രീം കോടതി വിധിയെയും മാനിക്കേണ്ടതുണ്ട്,” എന്ന് പറഞ്ഞാണ് പ്രസ്താവന തുടങ്ങുന്നത്.

“സ്ത്രീകളടക്കം ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലെ വിഷയം. പ്രാദേശിക ക്ഷേത്ര പാരമ്പര്യവുമായി ബന്ധപ്പെട്ടതാണിത്. വിശ്വാസികളുടെ വികാരം കോടതി വിധി പരിഗണിക്കുമ്പോൾ പോലും തളളിക്കളയാൻ പാടില്ലാത്തതാണ്. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിലെ സർക്കാർ കോടതി വിധി നടപ്പിലാക്കാൻ ധൃതി കാണിക്കുകയാണ്. ബലം പ്രയോഗിച്ച് ആചാരം മറികടക്കാനുളള ശ്രമത്തിനെതിരെ സ്ത്രീകളടക്കമുളള ഭക്തർ രംഗത്ത് വന്നിരിക്കുകയാണ്.”

“സുപ്രീം കോടതി വിധിയെ മാനിക്കുമ്പോൾ തന്നെ ആർഎസ്എസ് ഭക്തരും മറ്റ് തത്പര കക്ഷികളെയും രാഷ്ട്രീയ നേതാക്കളെയും ഈ വിഷയം ആഴത്തിൽ പരിശോധിക്കാനും നിയമപരമായ സാധ്യതകളടക്കം പരിശോധിക്കാനും ആവശ്യപ്പെടുന്നു. അധികൃതരോട് അവരവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയം ഏറ്റവും നന്നായി ഉന്നയിക്കാൻ എല്ലാവരും തയ്യാറാകണം,” പ്രസ്താവന പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ