തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി, ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. അക്രമങ്ങൾ ആവർത്തിക്കരുതെന്ന് യോഗത്തിൽ ധാരണയായി. അക്രമങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഇരുപാർട്ടികളുടെയും അണികൾക്ക് നിർദേശം നൽകും. രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും യോഗം നിർദേശിച്ചു. അടുത്ത മാസം ആറിന് തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിൽ സമാധാന ചർച്ച നടത്തും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി.ഗോപാലന്‍കുട്ടി എന്നിവരുമായാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്. കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് ഉണ്ടായത് അത്യന്തം ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ഓഫിസ് ആക്രമണവും കോടിയേരിയുടെ വീട് ആക്രമണവും അപലപനീയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ തലസ്ഥാനത്തു സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ഗവർണർ പി. സദാശിവം ഇടപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടി. തലസ്ഥാനത്തു മൂന്നുദിവസമായി തുടരുന്ന സിപിഎം–ബിജെപി സംഘർഷത്തിന്റെയും ആർഎസ്എസ് കാര്യവാഹക് ശ്രീകാര്യം സ്വദേശി രാജേഷിന്റെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ