കൊച്ചി : മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്ഥാപനമായ നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് എന്ന ആരോപണം ശക്തമാകുന്നു.

ബി ജെ  പി അധികാരത്തിലെത്തിയപ്പോൾ മുതൽ ആരംഭിച്ച നീക്കമാണ് ഇപ്പോൾ പുതിയ വഴിത്തിരുവിലെത്തി നിൽക്കുന്നത്.  2015ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ എന്‍ബിടിയുടെ അദ്ധ്യക്ഷനായിരുന്ന എഴുത്തുകാരന്‍ സേതുവിനെ മാറ്റിയത് . ആര്‍എസ്എസ്സിന്‍റെ മുഖപത്രമായ പാഞ്ചജന്യയുടെ എഡിറ്റര്‍ ആയിരുന്ന ബാല്‍ദേവ് ശര്‍മയെയാണ് പകരം അധ്യക്ഷനാക്കിയത്. ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലേയ്ക്കും ഈ കരങ്ങൾ നീണ്ടു. കാര്യക്ഷമമായി പ്രവർത്തക്കുന്ന ഓഫീസിൽ സ്ത്രീവിരുദ്ധമായ സമീപനമെടുത്താണ് അവിടെ ജോലി ചെയ്യുന്ന ജീവനക്കാരിയെ ഒഴിവാക്കിയെന്ന പരാതി ഉയരുന്നത്.

1957ല്‍ ചുരുങ്ങിയ ചെലവില്‍ വായനാശീലം വളര്‍ത്തുക, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക  എന്ന ഉദ്ദേശത്തില്‍ ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച സ്ഥാപനത്തിന്‍റെ കേരളാ ഓഫീസിലാണ് ഇപ്പോള്‍ ബിജെപി അജണ്ട നടപ്പാക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്‍ ബി ടിയുടെ മലയാളം എഡിറ്ററും എറണാകുളം റവന്യൂ ടവറിലെ ഒഫീസിന്‍റെ ചുമതലയും വഹിച്ചിരുന്ന റൂബിന്‍ ഡിക്രൂസിനെ ഈ അടുത്ത് ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെ തന്നെ എറണാകുളം ഓഫീസിലെ രണ്ടു ജീവനക്കാരെയും അറിയിപ്പൊന്നുമില്ലാതെ പിരിച്ചുവിടുകയുമായിരുന്നു.

റൂബിന്‍ ഡിക്രൂസിനെ സ്ഥലംമാറ്റിയ ശേഷം പെട്ടെന്നൊരു ദിവസം തങ്ങളേയും ഫോണില്‍ വിളിച്ച് നാളെ മുതല്‍ ജോലിക്ക് വരേണ്ടായെന്നു അറിയിക്കുകയായിരുന്നു എന്ന് എന്‍ബിടിയുടെ എറണാകുളം ശാഖയില്‍ മാര്‍ക്കറ്റിങ്ങിൽ  ജോലിചെയ്തിരുന്ന ലാലി പറയുന്നു. “‘ഒരു ബുക്ക് ഷോപ്പില്‍ സ്ത്രീകളെക്കാളേറേ പുരൂഷന്മാരെയാണാവശ്യം.. പുസ്തകക്കെട്ടുകള്‍ കയറ്റാനും ഇറക്കാനുമൊക്കെ ആണുങ്ങള്‍ക്കേ പറ്റു.. തന്നെയുമല്ല നിങ്ങള്‍ക്ക് രാത്രി വൈകി ഇവിടെ നില്‍ക്കാനാവില്ലല്ലോ.. ചിലപ്പോളതൊക്കെ വേണ്ടി വരും.. അതു കൊണ്ട്.. .. നിങ്ങള്‍ക്ക് മറ്റൊരു ജോലി തേടിപ്പിടിക്കാവുന്നതേയുള്ളു..’ എന്നായിരുന്നു അവര്‍ അറിയിച്ചത്” കഴിഞ്ഞ നവംബര്‍ മുതല്‍ റവന്യൂ ടവറിലെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്ന ലാലി പറഞ്ഞു.

” തുടങ്ങിയ വര്‍ഷത്തെ ഏതാനും ലക്ഷത്തിന്റെ വില്പനയില്‍ നിന്ന് മൂ‍ന്നാം വര്‍ഷമാകുമ്പോള്‍ അതു 78 ലക്ഷത്തോളമെത്തിയിരുന്നു. 2017-18 ല്‍ അതു ഒരു കോടിയാക്കണമെന്ന ലക്ഷ്യവുമായി അത്ര കരുതലോടെ നീങ്ങിയ റൂബിന്‍ ഡിക്രൂസ് സാറിനൊപ്പം ഞാനും പ്രവീണും.. എന്‍ ബി റ്റിയുടെഗുണം കൂടിയതും ചിലവു കുറഞ്ഞതുമായ പുസ്തകങ്ങളെ കേരളത്തിലെ സാധാരണക്കാരായ കുട്ടികളുടെ കൈകളിലെത്തിക്കാന്‍ ഞങ്ങള്‍ അത്രയേറേ ശ്രമിച്ചു….”

“അപ്രതീക്ഷിതമായി റൂബിന്‍ഡിക്രൂസിനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയപ്പോഴും ഇവിടത്തെ ബാക്കി പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കണമെന്ന്  അദ്ദേഹം നിര്‍ബ്ബന്ധം പിടിച്ചിരുന്നു..
ഒടുവില്‍ അവര്‍ ഞങ്ങളെ തേടി വന്നു.
ഫാസിസത്തിന്റെ കടന്നു വരവിനെ ഏറ്റവും ആശങ്കയോടെ കണ്ട് അതിനെതിരേയുള്ള സമരങ്ങളില്‍ എത്ര ദുര്‍ബ്ബലമായാലും ഭാഗഭാക്കാകുമ്പോഴും ഞാനൊട്ടും വിചാരിച്ചിരുന്നില്ല അതെന്റെ സ്വപ്നങ്ങളെക്കൂടി കവര്‍ന്ന് കൊണ്ട് പോകുമെന്ന്… പലതരം ജോലികളോക്കെ ചെയ്ത് താല്പര്യമില്ലാത്തതു കൊണ്ട് മാത്രം ഒഴിവാക്കിയപ്പോഴെല്ലാം ഒരു സ്വപ്നമുണ്ടായിരുന്നത് പുസ്തകങ്ങളുമായിചേര്‍ന്നൊരു ജോലിയായിരുന്നു..
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ , ഭരണകൂടത്തിന്റെ എല്ലാ മെഷീനറികളുടെയും സംഘിവല്‍ക്കരണം അജണ്ടയാക്കിയവര്‍ യാതൊരു വിധ തത്വദീക്ഷയൂമില്ലാതെ രണ്ട് തൊഴിലാളികളെ ഒരു മണിക്കൂ‍ൂറത്തെ നോട്ടീസ് പോലും തരാതെ പുറത്താക്കി. ബിജെപിക്കാര്‍ക്ക് എന്ത് തൊഴിലാളികള്‍..? എന്ത് മാനവീകത ? എന്ത് തത്വദീക്ഷ..?
പുസ്തക രംഗ്ഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത കയ്യില്‍ ചരടൊക്കെ കെട്ടിയ രണ്ട് പേരെ അവിടത്തെ ജീവനക്കാരായി നിയമിച്ചു. ഇനി വേണമെങ്കീല്‍ അവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ മാത്രം വില്‍ക്കാം. ഭഗത് സിംഗിന്റെ why I am an atheist ഉള്‍പ്പെടെയുള്ള നിരവധി ബിജെപി രാഷ്ട്രീയത്തിനെതിരായ , പുറത്ത് കാണിക്കരുതെന്ന് അവരാഗ്രഹിക്കുന്ന് പുസ്തകങ്ങളെ മനപൂര്‍വ്വം തമസ്ക്കരിക്കാം. വേണമെങ്കില്‍ ആ സ്ഥാപനം തന്നെ അടച്ച് പൂട്ടാം… അല്ലെങ്കിലും സംഘികള്‍ക്കെന്ത് പുസ്ത്കങ്ങള്‍..? അവര്‍ മഹാഭാരതമെങ്കിലും ശരിക്ക് വായിച്ചിട്ടുണ്ടാകുമോ.?
ഫാസിസം നമ്മളിലേക്ക് എങ്ങനെയൊക്കെ എത്താമെന്നതു പ്രവചിക്കാനാവില്ല. ഹിറ്റ്ലര്‍ നാസിപ്പത്രമൊഴിച്ചുള്ളതെമെല്ലാം നിരോധിച്ചിരുന്നതു പോലെ സംഘിസം ഒരൂ പക്ഷേ പുസ്തകങ്ങളേയും നിരോധിക്കുന്ന കാലം വരും…
കരുതിയിരിക്കുക..” ലാലി ഫെയ്സ്ബുക്കില്‍ കുറിച്ചു.

തുടങ്ങിയിട്ട് അധികകാലമായിട്ടില്ല എങ്കിലും ഇടപെടലുകളിലൂടെ ശ്രദ്ധേയമാവുന്ന എറണാകുളത്തെ ശാഖ വെട്ടിക്കളയുക എന്നത് തന്നെയാണ് എന്‍ബിടി കാണുന്ന ലക്ഷ്യമെന്ന് സംശയിക്കുന്നതായി ലാലി അഭിപ്രായപ്പെട്ടു.

” രണ്ടുപേരെ അറിയിപ്പില്ലാതെ പിരിച്ചുവിട്ടുവെന്ന് മാത്രമല്ല അതിനവര്‍ പറഞ്ഞ ന്യായീകരണവും ഏറെ അപകടകരമാണ്. സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റിയ ജോലിയല്ലെന്ന കാരണം നിരത്തി ഒരു സ്ഥാപനം ഒരാളെ ഒഴിവാക്കുമ്പോള്‍ അതിനെ ആ എന്‍റിറ്റിയുടെ സ്ത്രീവിരുദ്ധ നിലപാടായിട്ടുതന്നെയാണ് വിലയിരുത്തേണ്ടത്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ നയം ഇത്തരത്തില്‍ മാറിയോ ? ” ലാലി ആരായുന്നു.

നാലുവര്‍ഷമായി എറണാകുളത്ത് ജോലി ചെയ്യുന്ന പ്രവീണിനും ഒരു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ലാലിക്കും അഭിമുഖത്തിലൂടെയും മറ്റു നടപടിക്രമങ്ങളിലൂടെയുമൊക്കെ കടന്നുപോയ ശേഷമാണ് ജോലി ലഭിക്കുന്നത്. റൂബിന്‍ ഡിക്രൂസിനെ സ്ഥലംമാറ്റിയതിനു തൊട്ടുപിന്നാലെ ഇവരെയും ഒഴിവാക്കിയതിന്‍റെ കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇതിന്‍റെ വിശദാംശങ്ങള്‍ ആരായാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളം എന്‍ബിടിയുടെ ഡല്‍ഹി ഓഫീസിലേക്ക് ബന്ധപ്പെട്ടു എങ്കിലും മറുപടി ലഭിച്ചില്ല.

ഒരു നാഥനില്ലാ കളരിയായിരിക്കുകയാണ് കേരളത്തിലെ എന്‍ബിടി. കേരളത്തിലെ ഓഫീസില്‍ നേരത്തേ റൂബിന്‍ ഡിക്രൂസ് ഇരുന്ന പോസ്റ്റില്‍ പുതുതായി ആരും വരില്ലെന്നും. കേരളത്തിലെ ഈ ബുക്ക് പ്രൊമോഷന്‍ സെന്‍ററിന്‍റെ റിപ്പോര്‍ട്ടിങ് ഏജന്‍സി ഇനി ബെംഗളൂരുവിലെ റീജിയണല്‍ ഓഫീസായിരിക്കുമെന്നാണ് ഏറണാകുളത്തെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം.

നിലവില്‍ അകാരണമായി പിരിച്ചുവിട്ട രണ്ടുപേരുടെ പോസ്റ്റിലേക്ക് പുതിയ ജീവനക്കാരെ പരിശീലിപ്പിച്ചു വരികയാണ് എന്ന് ബെംഗളൂരുവിലെ റീജിയണല്‍ ഓഫീസിലെ ജീവനക്കാരിയായ റീന ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

എന്‍ബിടി മുന്‍ അദ്ധ്യക്ഷന്‍ സേതുവുമായി ബന്ധപെട്ടുവെങ്കിലും  ഈ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ