തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന പുഷ്പാഞ്ജലി സ്വാമിയാരെ ആക്രമിച്ചത് ആര്‍എസ്എസ് ആണെന്ന് ആരോപണം. ആക്രമണത്തിന് ശേഷം സ്വാമിയാരാണ് ആര്‍എസ്എസിനെതിരെ പരാതി പറഞ്ഞത്.
പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര് പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നിരാഹാര സമരത്തിലാണ്. ഒരാഴ്ചയായി സ്വാമിയാര് നിരാഹാരം നടത്തുന്നു. സേവാഭാരതി ബാലസദനം നടത്തുന്നതും ഇവിടെയാണ്.
Read Also: അടിച്ചു കണ്ണ് പൊട്ടിയ്ക്കും; ലോറി ഡ്രൈവറോട് കോപിച്ച് പി.കെ.ശശി എംഎല്‍എ, വീഡിയോ
പൂജയ്ക്കായി എത്തുന്ന തന്നെ സേവാഭാരതി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മഠത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും പരാതിപ്പെട്ടായിരുന്നു സ്വാമിയാരുടെ സമരം. ഇന്നലെ പന്തല്‍ കെട്ടി സമരം ആരംഭിച്ചു. എന്നാല്‍, രാത്രിയോടെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി സമരപന്തല്‍ പൊളിച്ചെന്ന് സ്വാമിയാര് ആരോപിക്കുന്നു.
സ്വാമിയാരെ പൊലീസ് സുരക്ഷയോടെ ക്ഷേത്രത്തിലെ കിഴക്കേ മഠത്തിലേക്ക് മാറ്റി. ക്ഷേത്രനടയിൽ സത്യാഗ്രഹം തുടങ്ങുമെന്ന് സ്വാമിയാർ അറിയിച്ചു. സമരത്തിന് പിന്നിൽ സിപിഎമ്മാണെന്നും സമരപന്തൽ പൊളിച്ചത് വിശ്വാസികളുടെ സ്വാഭാവിക പ്രതികരണമാണെന്നുമാണ് സേവാഭാരതി ഭാരവാഹികൾ പറയുന്നത്.