/indian-express-malayalam/media/media_files/2026/01/16/shibu-baby-john-2026-01-16-09-39-09.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന കുമാരപുരം സ്വദേശിയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. കുടുംബത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.
താനോ കുടുംബാംഗങ്ങളോ ഒരു രൂപ പോലും പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും പരാതി നൽകിയ വ്യക്തിയെ ഇന്നു വരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്നത് ആനുകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സ്വാഭാവികമാണ്. എന്നാൽ 94 വയസ്സുള്ള അമ്മയെ പോലും കേസിൽ പ്രതിയാക്കിയിരിക്കുകയാണെന്നും മാതൃകാ അധ്യാപികയായിരുന്ന അമ്മയ്ക്ക് ഇക്കാലയളവിനുള്ളിൽ ഇത്തരമൊരു അനുഭവം ആദ്യമായാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Also Read: 2024 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്
കുറിപ്പിന്റെ പൂർണരൂപം
"ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ല. എന്റെ കുടുംബത്തിനും എനിക്കുമെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഒരു എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത വാർത്ത ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ. ഒരു കാര്യം ആമുഖമായി പറയാം, പരാതി നൽകിയ വ്യക്തിയെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. ഞാനോ എന്റെ കുടുംബാംഗങ്ങളോ ഒരു രൂപ പോലും ഈ വ്യക്തിയിൽ നിന്ന് കൈപ്പറ്റിയിട്ടും ഇല്ല. തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്നത് ആനുകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സ്വാഭാവികമാണ്. എന്നാൽ 94 വയസ്സുള്ള എന്റെ അമ്മയെ പോലും ഈ കേസിൽ പ്രതിയാക്കിയിരിക്കുകയാണ്. മാതൃകാ അധ്യാപികയായിരുന്ന അമ്മയ്ക്ക് ഇക്കാലയളവിനുള്ളിൽ ഇത്തരമൊരു അനുഭവം ആദ്യമായാണ്.
ഞങ്ങളുടെ സ്ഥലം ജോയിൻ വെഞ്ച്വർ മാതൃകയിൽ ഫ്ലാറ്റ് നിർമിക്കാൻ നൽകുകയും കൺസ്ട്രക്ഷൻ കമ്പനിയുമായി കരാറിലേർപ്പെടുകയും ചെയ്തു എന്നത് വസ്തുതയാണ്. എന്നാൽ നാലുവർഷംകൊണ്ട് ഫ്ലാറ്റ് പൂർത്തീകരിക്കേണ്ട നിർമ്മാണ കമ്പനി ഇതുവരെ അത് പൂർത്തിയാക്കാതെ ഞങ്ങളെയും വഞ്ചിക്കുകയായിരുന്നു. ഭൂവുടമ എന്ന നിലയിൽ, എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (റെറ) ആണ് പരിഹരിക്കേണ്ടത് എന്ന കരാറാണ് നിർമ്മാണ കമ്പനിയുമായി ഞങ്ങൾക്കുള്ളത്.
Also Read: ചവിട്ടി പുറത്താക്കിയ യുഡിഎഫിലേക്ക് തിരിച്ചുപോകില്ല; എൽഡിഎഫിൽ ഉറച്ച് കേരള കോൺഗ്രസ് എം
പരാതിക്കാരൻ ഇക്കാലയളവിൽ ഒരിക്കൽ പോലും ഞങ്ങളെ ബന്ധപ്പെടുകയോ നിർമാണ കമ്പനി വാങ്ങിയ അഡ്വാൻസ് ഞങ്ങളോട് തിരിച്ചു ചോദിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ഇത്തരം ഒരു സാഹചര്യത്തിൽ ഇയാളുടെ പരാതിയിൽ ഒരു വഞ്ചന കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഞാനൊരു രാഷ്ട്രീയക്കാരൻ ആയതിനാൽ ഇത്തരം ഒരു കേസിനു പിന്നിലെ ദുരുദ്ദേശം കൃത്യമായി തിരിച്ചറിയാനാകും.
എന്നാൽ എന്റെ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ പൊലീസ് സ്റ്റേഷനിൽ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതു കൊണ്ടുതന്നെ ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. ഭാരതീയ ന്യായസംഹിത പ്രകാരം കള്ളക്കേസ് രജിസ്റ്റർ ചെയ്തതിനെതിരെയും മാനനഷ്ടത്തിനുമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകതന്നെ ചെയ്യും. ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും." ഷിബു ബേബി ജോൺ കുറിച്ചു.
Read More: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല: നയം വ്യക്തമാക്കി കെ.സി വേണുഗോപാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us