scorecardresearch

തോട്ടം മേഖലയുടെ സംരക്ഷണമല്ല, കേരളത്തിന്റെ തകര്‍ച്ചയാകും സംഭവിക്കുക: സുശീല ആര്‍ ഭട്ട്

തോട്ടം മേഖലയെ സംരക്ഷിക്കാനുളള സർക്കാർ തീരുമാനങ്ങൾ പുതിയ വിവാദങ്ങളിലേയ്ക്ക് വഴി തുറന്നിരിക്കുകയാണ്. ഇ എഫ് എൽ നിയമവും നികുതി ഇളവും ഒക്കെ എങ്ങനെ ബാധിക്കുമെന്ന് മുൻ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സുശീല ഭട്ട് ചൂണ്ടിക്കാണിക്കുന്നു

തോട്ടം മേഖലയുടെ സംരക്ഷണമല്ല, കേരളത്തിന്റെ തകര്‍ച്ചയാകും സംഭവിക്കുക: സുശീല ആര്‍ ഭട്ട്

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും അത് പരിഹരിക്കുുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന ഏറെ ആശയക്കുഴപ്പങ്ങളും സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തിയിരിക്കുകയാണ്. പരിസ്ഥിതി ലോല മേഖലാ നിയമത്തിന്റെ (ഇഎഫ് എല്‍)പരിധിയില്‍ നിന്നും തോട്ടം മേഖലയെ ഒഴിവാക്കിയിട്ടുണ്ട് എന്നായിരുന്നു പ്രസ്താവന. ഇത് 2003-ലെ നിയമപ്രകാരം തന്നെ ഒഴിവാക്കിയതാണെന്ന് പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ വിട്ടുപോകുന്ന ഇടങ്ങള്‍ പൂരിപ്പിക്കപ്പെടുന്നില്ല. എന്താണ് ശരിക്കും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തോട്ടം മേഖലയും അതുമായി ബന്ധപ്പെട്ട ഭൂമിയിലും നടക്കുക എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. തോട്ടം മേഖലയുടെ സംരക്ഷണത്തിന് എന്ന പേരിൽ​ നടത്തുന്ന സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് പ്രതികൂലമാകുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?. കേരളം നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് റവന്യുവകുപ്പിന്റെ മുന്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീലാ ആര്‍ ഭട്ട്.

ഇഎഫ്എല്‍ പരിധിയില്‍ നിന്നു തോട്ടങ്ങളെ ഒഴിവാക്കിയത് 2003-ലെ നിയമപ്രകാരം ആണെന്ന് സര്‍ക്കാര്‍ പറയുന്നു. അതിനാല്‍തന്നെ ഇപ്പോള്‍ അത് വിഷയമാകേണ്ടതുണ്ടോ?

= 2005-ല്‍ പ്രാബല്യത്തില്‍ വന്ന ഇഎഫ്എല്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് തേയില, കാപ്പി, റബര്‍, ഏലം, അടയ്ക്ക, കശുവണ്ടി മുതലായ വിളകളുള്ള ഭൂമിയും അതിനോടനുബന്ധിച്ച കെട്ടിടങ്ങളും കെട്ടിടങ്ങള്‍ക്കു സമീപത്തുള്ള ഭൂമിയും ഇഎഫ്എല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൃഷിക്കാര്‍ തന്നെ നട്ടുപിടിപ്പിച്ച മരങ്ങളും ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പക്ഷേ റിസര്‍വ് വനത്തോടു ചേര്‍ന്നു നില്‍ക്കുന്ന വന സ്വഭാവമുള്ള ഭൂമി അതിന്റെ പാരിസ്ഥിതിക പ്രാധാന്യം അനുസരിച്ച് റിസര്‍വ് വനമായി തോട്ടം ഉള്‍പ്പടെയുള്ള ഉടമകളുടെ ഭൂമി റിസര്‍വ് വനമായി സെക്ഷന്‍ അഞ്ച് പ്രകാരം പ്രഖ്യാപിച്ചു. പക്ഷേ കേരളാ ലാന്‍ഡ് റിഫോംസ് ആക്ടിന്റെ കീഴില്‍ പ്ലാന്റേഷന്‍ എന്നുള്ള ഭൂമിയുടെ നിര്‍വചനം വിളകളുള്ള ഭൂമിയും അതിന്റെ അനുബന്ധ ഭൂമിയും കൂടാതെ ആയിരക്കണക്കിന് ഏക്കര്‍ വരുന്ന നാച്ചുറല്‍ വെജിറ്റേഷനുള്ള ഭൂമികള്‍ ഒഴിവാക്കിയിരുന്നു. അതേ നിര്‍വചനമാണ് ഇന്നലത്തെ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നതെന്നു വേണം കരുതാന്‍. തോട്ടമുടമകളെ എങ്ങനെ സഹായിക്കാനാവും എന്ന മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്. ഇവര്‍ക്കായി യാതൊരു അടിസ്ഥാനവുമില്ലാതെ ഇളവുകളും അവകാശങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം തോട്ടമുടമകളും കൈവശംവെയ്ക്കുന്നത് ഇവരുടെ ഭൂമിയല്ലായെന്നും സര്‍ക്കാര്‍ ഭൂമിയാണെന്നും എന്നുളളതാണ് പല കേസിലും തെളിഞ്ഞിട്ടുളളത്. 45 വന്‍ തോട്ടമുടമകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ പ്രമാണങ്ങളിലൂടെ സര്‍ക്കാര്‍ ഭമി കൈയേറിയെന്ന കേസിലാണിത്. ആ ക്രിമിനല്‍ കേസുകളുമായി മുന്നോട്ടു പോവുയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനെടുത്ത നടപടിപോലും നിര്‍വീര്യമാക്കി. പിന്നെയും ഇവര്‍ രക്ഷപെടുമെന്ന് സര്‍ക്കാര്‍ കരുതിയെങ്കിലും അപ്പീല്‍ പോകാതെ നിവൃത്തിയില്ലായെന്ന സാഹചര്യമാണ് സംജാതമായത്.

അപ്പീല്‍ പോവുകയാണങ്കില്‍ ഇവര്‍ക്ക് ഒരു തരത്തിലുമുള്ള സഹായം നൽകാൻ സാധിക്കില്ല. തോട്ടമുടമകള്‍ക്ക് വായ്പ എടുക്കാന്‍ ഭൂമി ഈടുവയ്ക്കണമെങ്കില്‍ നികുതി അടയ്ക്കണം, പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണം തുടങ്ങിയ നിരവധി കടമ്പകളുണ്ട്. ഇതു ലഭിക്കാത്ത സാഹചര്യം മൂലം സാമ്പത്തിക പ്രശ്നങ്ങള്‍ മിക്ക തോട്ടമുടമകളും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരക്കാരെ സഹായിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണിപ്പോഴുള്ളത്. ടാക്സ് സര്‍ക്കാരിനു സ്വീകരിക്കാന്‍ നിവൃത്തിയില്ലാതെയായി. കാരണം തോട്ടമുടമകള്‍ കൈവശംവയ്ക്കുന്ന ഭൂമികള്‍ പൂര്‍ണമായും അവര്‍ക്കുതന്നെ അവകാശപ്പെട്ട ഭൂമിയാണെന്ന് ഹൈക്കോടതി പോലും വിധിച്ചിട്ടില്ല. മാത്രവുമല്ല വിവിധ കേസുകളില്‍ സര്‍ക്കാരിന്റെ നിലപാടു തന്നെ തോട്ടമുടമകള്‍ കൈവശംവയ്ക്കുന്നത് ഇവരുടെ ഭൂമിയല്ല മറിച്ച് സര്‍ക്കാര്‍ ഭൂമിയാണെന്നാണ്. അപ്പോള്‍ എങ്ങനെ ഇവരുടെ കൈയില്‍ നിന്ന് ഈ ടാക്സ് മേടിക്കും. ഒരു ഘട്ടത്തില്‍ ടാക്സ് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇതു തിരിച്ചുകൊടുക്കേണ്ടി വന്നു. തോട്ടമുടമകള്‍ക്ക് ഒരുതരത്തിലും ഭൂമിയുടെ അവകാശം കൈവശമാക്കാൻ മാര്‍ഗമില്ലെന്ന് വന്ന അവസ്ഥയില്‍ മറ്റേതെങ്കിലും രീതിയില്‍ സഹായിക്കാന്‍ പറ്റുമോയെന്നു നോക്കാനുള്ള അവസാന പദ്ധതിയാണിത്.

സര്‍ക്കാരിന്റെ പുതിയ നീക്കത്തിന്റെ ഫലം എന്തായിരിക്കും?

= തീര്‍ച്ചയായും സര്‍ക്കാരിന്റെ സാമ്പത്തികരംഗത്തിന് തിരിച്ചടിയാകുന്നതാണ് ഈ നീക്കം. ഈ മേഖലയില്‍ നിന്നുളള?കാര്‍ഷികനികുതി മൊത്തം ഇല്ലാതാക്കി, ഒപ്പം പ്ലാന്റേഷന്‍ ടാക്സും ഇല്ലാതാക്കി. കേരള ഗ്രാന്‍ഡ് ആന്‍ഡ് ലീസസ് ആക്ട് പ്രകാരം ഓരോ മരത്തിനും ‘ കുറ്റിക്കാണം’ അടയ്ക്കണം. നിയമം നിഷ്‌കര്‍ഷിച്ച വ്യവസ്ഥയാണിത്. എന്നാല്‍ ഈ നിയമം പോലും കാറ്റില്‍പ്പറത്തി ഇപ്പോള്‍ റബര്‍ മരത്തിനു പോലും സീനിയറേജ് അടയ്‌ക്കേണ്ടായെന്നു വന്നിരിക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി പോലുമുണ്ട്. സര്‍ക്കാര്‍ ഭൂമിയോ സര്‍ക്കാര്‍ ഗ്രാന്റോ വഴി കിട്ടിയ ഭൂമിയില്‍ എന്തു കൃഷി ചെയ്താലും അതിലെ മരങ്ങള്‍ വെട്ടുകയാണങ്കില്‍ അതിന് ‘കുറ്റിക്കാണം’ അഥവാ സീനിയറേജ് അടയ്ക്കണം. അത് റബര്‍ മരങ്ങളാവട്ടെ ഏതുതരത്തിലുള്ള മരങ്ങളാവട്ടെ. അങ്ങനെയാണ് കേരള ലാന്‍ഡ് ഗ്രാന്‍ഡ് ട്രീസസ് മോഡിഫിക്കേഷന്‍ ആക്ട് 1980 നിലവില്‍ വന്നത്. അതിന്റെ വ്യവസ്ഥതന്നെ ഒരു വ്യവസ്ഥയും ഇല്ലാതെ കൈവശംവയ്ക്കുന്ന ഭൂമിയില്‍ നിന്നു പോലും മരങ്ങള്‍ വെട്ടുകയാണങ്കില്‍ സര്‍ക്കാരിനു സീനിയറേജ് അടയ്ക്കണമെന്നാണ്. ഇത് സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ വരുമാനം കിട്ടുന്ന നിയമമാണ്. അതുപോലും ഇന്നത്തെ ക്യാബിനറ്റ് തീരുമാനം വഴി വേണ്ടെന്ന് വെയ്ക്കുകയാണ് ഇത് ജനങ്ങളോടുള്ള അനീതിയാണ്.

തൊഴിലാളി ലയങ്ങള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നന്നാക്കുമെന്നു പറഞ്ഞിട്ടുണ്ടല്ലോ അത് ഗുണകരമല്ലേ?

= വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് പല തോട്ടമുടമകളും ഭൂമി കൈവശംവച്ചിരിക്കുന്നത് എന്നത് പ്രബലമായ ആരോപണമാണ്. ഇതു സര്‍ക്കാര്‍ ഭൂമിയായതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന ലയങ്ങളുടെ പുനരുദ്ധാരണത്തിന് തോട്ടമുടമകള്‍ 50 ശതമാനം തുക അടയ്ക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അത് അവര്‍ക്കും കൂടി ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊടുക്കുന്നതായി വരും. ഇപ്പോഴത്തെ നീക്കം തോട്ടം മേഖലയെയും തൊഴിലാളികളെയും സഹായിക്കുകയാണെന്ന വ്യാജേന തോട്ടം ഉടമകളുടെ അവകാശം സര്‍ക്കാര്‍ ഭൂമികള്‍ക്കു മേല്‍ സ്ഥാപിച്ചെടുക്കാനുള്ള ഗൂഡ നീക്കമാണ്. ഇതോടൊപ്പം വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം അട്ടിമറിക്കാനും പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഇഎഫ്എല്‍ നിയമത്തില്‍ തോട്ടങ്ങളെക്കുറിച്ച് പറയുന്നത് എന്താണ് ?

= തോട്ടങ്ങളെ സംബന്ധിച്ച് ഇഎഫ്എല്‍ ആക്ടിലെ 2005-ല്‍ പ്രാബല്യത്തിലായ നിയമത്തില്‍ റിസര്‍വ് വനത്തിന്റെ അതിര്‍ത്തിയോടു ചേര്‍ന്നിരിക്കുന്ന ഏതൊരു വന സ്വഭാവമുള്ള ഭൂമിയും റിസര്‍വ് വനമായി കണക്കാക്കി അതിന്റെ സന്തുലനാവസ്ഥയും പാരിസ്ഥിതിക മൂല്യങ്ങളും സംരക്ഷിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് ആ നിയമം കൊണ്ടു വന്നത്.

ഇഎഫ്എലില്‍ നിന്നു തോട്ടം മേഖലയെ പൂര്‍ണമായും ഒഴിവാക്കിയാല്‍ എന്തായിരിക്കും സംഭവിക്കുക?

= റിസര്‍വ് വനത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഭൂമി മൊത്തം ഒഴിവായി എന്നു പറയുമ്പോള്‍ തോട്ടം മേഖലയോടു ചേര്‍ന്നു നില്‍ക്കുന്ന ഭൂമി കൂടി വരുന്നു എന്നുവരില്ലേ. അപ്പോള്‍ പ്ലാന്റേഷന്‍ എന്ന നിര്‍വചനത്തില്‍ വന്നിരിക്കുന്ന എല്ലാത്തരം ഭൂമിയും ഇഎഫ്എല്‍ ആക്ടിന്റെ പരിധിയില്‍ വരുന്നില്ലായെന്ന് വരുന്നു. അത് ഈ നിയമത്തിനെ കാറ്റില്‍പ്പറത്തുന്ന പ്രവണതയാണ്

suseela bhatt

എന്തിനാണ് ഇഎഫ്എല്‍ നിയമം കൊണ്ടുവന്നത്?

= ഇത്തരത്തിലുള്ള ഭൂമി സംരക്ഷിക്കാനാണ് ഇഎഫ്എല്‍ നിയമം കൊണ്ടുവന്നത്. 45000 ഏക്കര്‍ ഭൂമിയാണ് ഇഎഫ്എല്‍ നിയമത്തിന്റെ പരിധിക്കു കീഴില്‍ കൊണ്ടുവന്നത്. ഇതില്‍ മുന്തിയ പങ്കും തോട്ടം മേഖലയിലെ ഭൂമിയായിരുന്നു. ഇഎഫ്എല്‍ നിയമത്തിന്റെ പരിധിക്കു കീഴിലായപ്പോഴും തോട്ടം മേഖല നടത്തിക്കൊണ്ടു പോകാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിയമം പ്രാബല്യത്തിലായി 13 വര്‍ഷം കഴിയുമ്പോള്‍ മൊത്തം തോട്ടം മേഖല ഒഴിവാക്കുന്നുവെന്ന് പറയുന്നതിനു പിന്നിലുള്ള താല്‍പര്യമാണ് സംശയിക്കേണ്ടത്. മാത്രവുമല്ല ഇഎഫ്എല്‍ നിയമത്തിനു കീഴില്‍ തോട്ടങ്ങളെ സംരക്ഷിക്കുന്നത് ഹൈക്കോടതി വരെ അംഗീകരിച്ചിട്ടുമുണ്ട്. ഈ നിയമം കൊണ്ട് കൃഷിക്കോ മറ്റോ പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍ ഇഎഫ്എല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നു മാറ്റുന്നതിലൂടെ ലക്ഷ്യമിടുന്നത് മരങ്ങള്‍ മുറിച്ചു വില്‍ക്കാനുള്ള ലൈസന്‍സ് ലഭിക്കുന്നുവെന്നതാണ്. റിസര്‍വ് വനമായി കണക്കാക്കുന്നതിനാല്‍ മുന്‍പ് മരംമുറി എളുപ്പമായിരുന്നില്ല.

ഇഎഫ്എല്‍ നിയമം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ?

= ഒരിക്കലുമില്ല. കാരണം ഇത് രാഷ്ട്രപതിയുടെ അനുവാദത്തോടെ നിയമത്തിന്റെ പിന്‍ബലത്തില്‍ സംരക്ഷിച്ചുപോന്ന റിസര്‍വ് വനമാണ്. സെക്ഷന്‍ അഞ്ച് പറയുന്നത് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ് എന്നു പറയുന്നത് റിസര്‍വ് ഫോറസ്റ്റ് ആയാണ് സംരക്ഷിക്കേണ്ടതെന്നാണ്. അപ്പോള്‍ ഈ സ്ഥലങ്ങള്‍ ഫോസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍ വരും. നോണ്‍ ഫോറസ്ട്രി ആയിട്ടുള്ള എന്തെങ്കിലും നടപടികള്‍ അവിടെ എടുക്കണമെങ്കില്‍ അത് കേന്ദ്ര അനുമതിയോടെ അല്ലാതെ സാധിക്കില്ല. യഥാര്‍ഥത്തില്‍ ഇഎഫ്എല്‍ പരിധിയില്‍ നിന്നു തോട്ട ഭൂമികളെ ഒഴിവാക്കിയതായി മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഇത് ഉത്തരവായി ഇറക്കുക എന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. ആ നിയമത്തിനെതിരായി ഒരു നയപ്രഖ്യാപനവും ഉത്തരവായി ഇറക്കാനാവില്ല. ഇ എഫ് എല്‍ നിയമം കൃത്യവും ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്നും നേരത്തേ ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ നിയമത്തെ പൊളിച്ചെഴുതാന്‍ ശ്രമിക്കുമ്പോള്‍ അത് എത്രത്തോളം നിലനില്‍ക്കുന്നതാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അത് മാത്രമല്ല ഇത് കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയായതിനാല്‍ ഉദ്യോഗസ്ഥര്‍ കേന്ദ്ര നിയമം മറികടന്ന് എന്തെങ്കിലും നടപടികള്‍ക്കു തുനിഞ്ഞാല്‍ അത് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടു പ്രകാരം ക്രിമിനല്‍ കുറ്റമായി മാറും. കേന്ദ്ര സര്‍ക്കാരിന് നടപടിയെടുക്കാനും അവകാശമുണ്ട്.

ഇഎഫ്എല്‍ ഭൂമികള്‍ കേന്ദ്രത്തിനു കീഴിലാണോ?

= ഇഎഫ്എല്‍ ഭൂമികള്‍ കേരളത്തിന്റെ കീഴിലാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Row over pinarayi government move to exempt plantations from efl act suseela bhat