പുതിയറ: നടന് ദിലീപും നാദിര്‍ഷായും ചേര്‍ന്ന് ആരംഭിച്ച ‘ദേ പുട്ട്’ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇവിടെ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.
ഹോട്ടലില്‍ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചി, ഐസ്ക്രീം എന്നിവയാണ് ആരോഗ്യ വകുപ്പ് പിടിച്ചെടുത്തത്. പഴക്കം ചെന്ന ഭക്ഷണ സാധനങ്ങള്‍ ഇവര്‍ തന്നെ നശിപ്പിച്ചു കളഞ്ഞു.
Read More: ‘ദേ പുട്ട്’ തുറന്നു, ദിലീപിനെ കാണാൻ ആരാധകരുടെ വൻ തിരക്ക്
പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ എസ് ഗോപകുമാർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ കെ ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷമീർ എന്നിവർ പങ്കെടുത്തു.
ദേ പുട്ടിന് ദുബായിലടക്കം ശാഖകളുണ്ട്. 2017 നവംബർ 30 നാണ് ദുബായ് ശാഖ ദിലീപ് ഉദ്ഘാടനം ചെയ്തത്. ദുബായിലെ കരാമയിലാണ് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദുബായിൽ പോയത്.