കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. യുഡിഎഫിൽനിന്നും കേരള കോൺഗ്രസ് പുറത്തു പോയതല്ല, പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയെന്ന് യുഡിഎഫ് തിരിച്ചറിഞ്ഞതിൽ സന്തോഷം. രാവിലെയും വൈകീട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ, യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ല. എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജോസ് കെ.മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം തിരികെ യുഡിഎഫിലേക്ക് വന്നാൽ സന്തോഷമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായിരുന്നു അവർ, തിരിച്ചു വന്നാൽ സന്തോഷം. എന്നാൽ ഇതുസംബന്ധിച്ച ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ച് വരുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ നടക്കാന്‍ പോവുന്നില്ലെന്ന് ജോസ് കെ.മാണി മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. ഞങ്ങൾ ഇപ്പോൾ എല്‍ഡിഎഫില്‍ വളരെ സന്തുഷ്ടരാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകില്ല. യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിനെ അവർ അപമാനിച്ച് പുറത്താക്കിയതാണ്. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിലെ പലരും ഞങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചുവെന്നും ജോസ് കെ.മാണി പറഞ്ഞിരുന്നു.