/indian-express-malayalam/media/media_files/uploads/2018/11/km-shaji.jpg)
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ എംഎല്‍എയായ കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി വഴി തുറക്കുന്നത് ഒരു രാഷ്ട്രീയ ചരിത്രത്തിലേക്ക് കൂടിയാണ്. വര്‍ഗീയത പ്രചരിപ്പിച്ച് കെ.എം.ഷാജി വോട്ട് തേടിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം.വി.നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി കെ.എം.ഷാജിക്ക് അയോഗ്യത കല്‍പ്പിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായല്ല തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് കോടതി അയോഗ്യത കല്‍പ്പിക്കുന്നത്. റോസമ്മ പുന്നൂസില്‍ തുടങ്ങുന്ന ചരിത്രം എത്തി നില്‍ക്കുന്നത് അഴിക്കോട് എംഎല്‍എ കെ.എം.ഷാജിയിലാണ്.
ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടി ജനപ്രതിനിധിയായി തുടര്‍ന്നവരാണ് അധികവും. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ വിധി വന്നത് റോസമ്മ പുന്നൂസിനും പി.സി.തോമസിനുമാണ്.
ആദ്യ നിയമസഭയില്‍ ദേവികുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസിനെ കോട്ടയം ട്രിബ്യൂണലാണ് അയോഗ്യയാക്കിയത്. നാമനിര്‍ദ്ദേശ പട്ടിക അകാരണമായി തളളിയെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാതിയിലായിരുന്നു നടപടി. ഇതിനെതിരെ ഹൈക്കോടതിയെ സമീപച്ചെങ്കിലും റോസമ്മയ്ക്ക് അനുകൂല വിധി നേടാനായില്ല. പിന്നീട് ഉപതിരഞ്ഞെടുപ്പ് നേരിട്ടാണ് റോസമ്മ ജയിച്ച് നിയമസഭയിലെത്തിയത്.
1960 ല്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നിയമസഭാ അംഗമായതും കോടതി വിധിയിലൂടെയായിരുന്നു. തലശ്ശേരി മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച കൃഷ്ണയ്യരെ കോണ്‍ഗ്രസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി പി.കുഞ്ഞിരാമന്‍ 25 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്നു കാണിച്ച് കൃഷ്ണയ്യർ കോടതിയെ സമീപിച്ചു. കോടതി ഇടപടെലിനെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണിയപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് കൃഷ്ണയ്യര്‍ 100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞിരാമനെ തറ പറ്റിച്ചു.
1977 ല്‍ കെ.എം.മാണിയുടെയും സി.എച്ച് മുഹമ്മദ് കോയയുടെയും തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ക്രിസ്ത്യന്‍ മുസ്ലിം വോട്ടുകള്‍ സമാഹരിക്കാന്‍ വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു പരാതി. ഇരുവരും സുപ്രീം കോടതിയില്‍നിന്നും അനുകൂല വിധി നേടിയാണ് എംഎല്‍എമാരായത്.
1987ല്‍ മട്ടാഞ്ചേരി എംഎല്‍എ ആയിരുന്ന മുസ്‌ലിം ലീഗ് അംഗം എം.ജെ.സക്കറിയ സേഠിനെയും ഹൈകോടതി അയോഗ്യനാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടി സക്കറിയ സേഠ് എംഎല്‍എ ആയി തുടരുകയായിരുന്നു.
1982 ല്‍ ഇടയ്ക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ കളളവോട്ട് നടന്നുവെന്ന കെ.സുധാകരന്റെ പരാതിയില്‍ ഒ.ഭരതന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കെ.സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ സുപ്രീം കോടതിയില്‍നിന്നും അനുകൂല വിധി നേടി വന്ന ഭരതന്‍ വീണ്ടും എംഎല്‍എയായി.
കോവളത്ത് നീലലോഹിതദാസന്‍ നാടാരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി കോണ്‍ഗ്രസിലെ ജോര്‍ജ് മസ്‌ക്രീനെ കോടതി വിജയിയായി പ്രഖ്യാപിച്ചു
1996 ല്‍ നെയ്യാറ്റിന്‍കരയില്‍നിന്നും വിജയിച്ച തമ്പാനൂര്‍ രവിയെയും 2011 ല്‍ വര്‍ക്കലയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വര്‍ക്കല കഹാറിനെയും ഹൈക്കോടതി അയോഗ്യരാക്കി. ഇരുവരുടെയും തിരഞ്ഞെടുപ്പ് പിന്നീട് സുപ്രീം കോടതി ശരിവച്ചു.
2001 ല്‍ കല്ലൂപ്പാറയില്‍നിന്നും വിജയിച്ച ജോസഫ് എം.പുതുശ്ശേരിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ പ്രചരിപ്പിച്ചുവെന്ന എതിര്‍ സ്ഥാനാര്‍ത്ഥി ടി.എസ്.ജോണ്‍ നല്‍കിയ പരാതിയിലായിരുന്നു വിധി. ഇതിനെതിരെ പുതുശ്ശേരി സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുത്ത് എംഎല്‍എയാവുകയും ചെയ്തു
2004 ല്‍ മൂവാറ്റുപുഴയില്‍നിന്നും വിജയിച്ച പി.സി.തോമസിന്റെ ഫലത്തെ ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥി പി.എം.ഇസ്മായില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തോമസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോഴേക്കും ലോക്‌സഭ കാലാവധി കഴിഞ്ഞിരുന്നു.
2009 ല്‍ അടൂരില്‍നിന്നും വിജയിച്ച കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പരിവര്‍ത്തിത ക്രൈസ്തവനായ സുരേഷ് സംവരണ മണ്ഡലത്തില്‍ മത്സരിച്ചതിനെതിരെയാണ് എതിര്‍ സ്ഥാനാര്‍ത്ഥി ആര്‍.എസ്.അനില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us