തിരുവനന്തപുരം: രോഹിത് വെമുല, ജവഹർലാൽ നെഹ്റു സർവ്വകലാശാല, കാശ്മീർ വിഷയങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾക്ക് കേന്ദ്ര സർക്കാരിന്റെ വിലക്ക്. കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന ഇന്റർനാഷണൽ ഡോക്യുമെന്ററി ആന്റ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിലാണ് ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നടപടി, സാംസ്കാരിക ഫാസിസമാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വിമർശിച്ചു.

ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്ത് നടന്ന സംഭവങ്ങൾക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. “രാജ്യത്ത് സാംസ്കാരിക അടിയന്തിരാവസ്ഥ നിലനിൽക്കുകയാണ്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഡോക്യുമെന്ററികൾക്ക് പ്രദർശന അനുമതി നിഷേധിച്ച സംഭവം സാംസ്കാരിക അടിയന്തിരാവസ്ഥയുടെ അടയാളമാണെ”ന്നും കമൽ പറഞ്ഞു.

അണ്‍ ഡെയറബിൾ ബീയിങ് ഓഫ് ലൈഫ് എന്ന പേരിൽ രോഹിത് വെമുലയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് വിലക്കപ്പെട്ടതിൽ ഒന്ന്. കാശ്മീർ സംഘർഷങ്ങൾ പ്രമേയമായ “ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാൽ” ആണ് രണ്ടാമത്തേത്. ജെഎൻയു വിൽ രണ്ടര വഷക്കാലത്തിനിടയിൽ നടന്ന സമരങളും വിവാദങ്ങളും പ്രമേയമാക്കിയ “മാർച്ച്, മാർച്ച്, മാർച്ച്” എന്ന ഡോക്യുമെന്ററിയാണ് മൂന്നാമത്തേത്.

കേന്ദ്രസർക്കാർ നിലപാടുകളെ ചോദ്യം ചെയ്യുന്ന ഡോക്യുമെന്ററികളായതിനാലാണ് മൂന്ന് ഡോക്യുമെന്ററികൾക്കും വിലക്ക് ഏർപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. അതേസമയം ജൂൺ 16 ന് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ആരംഭിക്കും. ഡോക്യുമെന്ററികൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനോട് പ്രതിഷേധം അറിയിക്കുമെന്നും കമൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ