കോട്ടയം: പളളിവാസലിൽ കുന്നിന്‍ മുകളില്‍ നിന്ന് വീണ്ടും കൂറ്റന്‍ പാറ താഴേയ്ക്കു പതിച്ചു. പള്ളിവാസല്‍ ടണലിനു സമീപം ഇരുനൂറോളം അടി മുകളില്‍ നിന്നു റിസോര്‍ട്ടിലേക്കു പോകുന്ന റോഡിലേക്കു കല്ല് പതിച്ചത്. സംഭവം അറിഞ്ഞ റിസോര്‍ട്ട് ഉടമ കല്ല് ജെസിബി ഉപയോഗിച്ചു റോഡരികിലേക്കു മാറ്റിയതിനെത്തുടര്‍ന്നാണ് ഇതുവഴി വാഹനങ്ങള്‍ക്കു കടന്നു പോകാന്‍ കഴിഞ്ഞത്. ടൂറിസ്റ്റുകളുമായെത്തിയ വാഹനങ്ങള്‍ക്കു മുകളില്‍ കല്ലുവീണ മേഖലയില്‍ വീണ്ടും കൂറ്റന്‍ പാറക്കല്ല് പതിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ ദേവികുളം സബ് കളക്ടറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചിൽ പളളിവാസലിൽ പ്രവര്‍ത്തിക്കുന്ന പ്ലം ജൂഡി റിസോര്‍ട്ടിനു സമീപത്തുള്ള കുന്നിന്‍ മുകളില്‍ നിന്നു കൂറ്റന്‍ പാറക്കൂട്ടം ഇടിഞ്ഞുവീണത്. റിസോര്‍ട്ടിലേക്കെത്തിയ മൂന്നു വാഹനങ്ങള്‍ തകര്‍ന്ന അപകടത്തില്‍ വാഹനത്തില്‍ ഉറങ്ങിക്കിടന്ന ഡ്രൈവര്‍മാര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. സംഭവത്തെ തുടര്‍ന്നു മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പളളിവാസല്‍ ടണലിനു സമീപമുള്ള പാറക്കൂട്ടങ്ങള്‍ താഴേക്കു പതിക്കാന്‍ സാധ്യതയുള്ളവയാണെന്നും സമീപത്തു താമസിക്കുന്ന തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

റിപ്പോര്‍ട്ടിനെത്തുടര്‍ന്നു റിസോര്‍ട്ടിനു സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. അപകടത്തെ തുടര്‍ന്നു പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ പഠനം നടത്തിയിരുന്നു. തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പളളിവാസൽ പ്രദേശം അപകടസാധ്യത കൂടിയ മേഖലയാണെന്നും വീണ്ടും പാറകള്‍ ഉരുണ്ടു വീഴാന്‍ സാധ്യതയുണ്ടെന്നും കേബിള്‍ ആങ്കറിംഗ് ഉള്‍പ്പടെയുള്ളവ നടത്തി പാറക്കൂട്ടങ്ങള്‍ ബലവത്താക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ മേയ് അവസാനത്തോടെ റിസോര്‍ട്ട് ഉടമ പാറക്കെട്ടുകള്‍ക്കു സമീപം കയ്യാല നിര്‍മിക്കുകയും തുടര്‍ന്ന് അപകട സാധ്യത ഇല്ലാതായെന്നു പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിനെത്തുടര്‍ന്നു കളകക്ടര്‍ റിസോര്‍ട്ട് തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ പള്ളിവാസല്‍ മേഖലയില്‍ വീണ്ടും പാറ വീഴാന്‍ സാധ്യതയുണ്ടെന്നു തെളിയിക്കുന്നതാണ് ഞായറാഴ്ച കല്ലുവീണ രണ്ടാമത്തെ സംഭവമെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ