scorecardresearch
Latest News

കൊമ്പന്‍മാര്‍ക്ക് ആശ്വാസം; ഇനി യന്തിരൻ ആനകളുടെ കാലം

ക്ഷേത്രോത്സവ എഴുന്നള്ളിപ്പില്‍ പുതിയ ചരിത്രമെഴുതി ഇരിഞ്ഞാടപ്പിള്ളി രാമന്റെ തിടമ്പേറ്റ്, കാരണമറിയാം

enthiren, elephant, temple festival, electric elephant,irinjadapalli raman, irinjidapalli, robot,thrissur, ie malayalam

ആനകളെ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന്  കൊണ്ടുവരുന്നത് പതിവാണ്. ആനയെ കാണാനായി ആനപ്രേമികളുൾപ്പടെ വലിയൊരു ജനക്കൂട്ടമുണ്ടാകും. കഴിഞ്ഞ ദിവസം കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന ആനയെ കണ്ടാൽ ആരായാലും നോക്കിനിന്നു പോകും.

ഇരിഞ്ഞാടപ്പിള്ളി രാമന്റെ അടുത്തുനിന്നു എത്രവേണമെങ്കിലും ഫൊട്ടോ എടുക്കാം. തൊട്ടും തലോടിയും നിൽക്കാം, രാമൻ പിണങ്ങില്ല. രാമന്റെ അടുത്ത് നിൽക്കാൻ പേടിക്കുകയും വേണ്ട. കാരണമെന്താണെന്നോ? ഇരിഞ്ഞാടപ്പിള്ളി രാമൻ ഒരു യന്ത്രആനയാണ്. ‘യന്തിരൻ’ (2010) സിനിമയിലെ രജനീകാന്തിന്റെ കഥാപാത്രം ‘ചിട്ടിയെ’ പോലുള്ള ഒരു റോബോട്ട്. വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന യന്ത്ര ആനയെ തിടമ്പേറ്റാൻ ഉപയോഗിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

യന്ത്ര ആനകളുടെ വരവോടെ ജീവനുള്ള ആനകൾ കടുത്ത ചൂട് സഹിച്ച് ഇത്തരം ചടങ്ങുകൾക്ക് നിൽക്കേണ്ട ആവശ്യം വരുന്നില്ല. ആനകൾ ഇടഞ്ഞ് ആളുകൾക്ക് പരിക്കും ജീവഹാനിയും മറ്റ് നാശനഷ്ടങ്ങളും സംഭവിക്കുന്നതും യന്തിരനാനയുടെ വരവോടെ ഒഴിവാക്കാൻ കഴിയും. ഉത്സവത്തിനിടെ ഏതെങ്കിലും ആന ഇടഞ്ഞ് സ്വന്തം പാപ്പാനെയോ, എഴുന്നള്ളത്തിന് മേലെ കേറിയിരിക്കുന്നവരിൽ ആരെയെങ്കിലുമോ, അല്ലെങ്കിൽ ഉത്സവം കാണാനെത്തുന്നവരെയോ ഒക്കെ  ഉപദ്രവിക്കുന്ന സംഭവങ്ങൾ പലയിടത്തും നിരവധി തവണ ഉണ്ടായതോടെയാണ് ഇരിഞ്ഞാടപ്പിള്ളി കുടുംബക്ഷേത്രം യന്ത്ര ആന എന്ന ആശയത്തിലേക്ക് എത്തിയത്.

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നാട്ടാനയുടെ ആക്രമണത്തിൽ കേരളത്തിൽ 526 പേരാണ് കൊല്ലപ്പെട്ടത് എന്ന് പീപ്പിൾ ഫോർ ദ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് (പെറ്റ) എന്ന മൃഗസംരക്ഷണ സംഘടനയുടെ പ്രസ്താവനയിലെ കണക്കുകൾ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിന്റെ പുതിയ ആശയം അറിഞ്ഞപ്പോൾ പെറ്റയാണ് യന്ത്രആനയെ സംഭാവന ചെയ്തത്. നടി പാർവതി തിരുവോത്ത് ഈ സംരഭത്തിന്  സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചു. മറ്റു പല ക്ഷേത്രകമ്മിറ്റികളും യന്ത്രആനയുടെ കാര്യമറിയാനായി ബന്ധപ്പെടുന്നുണ്ടെന്ന് ഇരിഞ്ഞാടപ്പിള്ളി ക്ഷേത്രത്തിന്റെ ഉടമസ്ഥരിൽ ഒരാളായ രാജ്കുമാർ നമ്പൂതിരി പറഞ്ഞു.

“ക്ഷേത്രാചാരങ്ങളുടെ അടിസ്ഥാനം താന്ത്രിക ഗ്രന്ഥങ്ങളാണ്. അതിൽ ആനയെ കൊണ്ടു തന്നെ തിടമ്പേറ്റണം എന്ന് പറഞ്ഞിട്ടില്ല. ഉത്സവത്തിന് എഴുന്നള്ളുന്ന ആനകൾ മദമിളകി ആളുകളെ ഉപദ്രവിക്കുന്നതും ക്ഷേത്രത്തിനും പരിസരത്തിനും നാശനഷ്ടമുണ്ടാക്കുന്നതു മായ സംഭവങ്ങൾ ഇപ്പോൾ ഒരുപാട് നടക്കുന്നു. അങ്ങനെയാണ്  യന്ത്ര ആന  ആശയത്തിലേക്ക് എത്തിയത്. കുടുംബാംഗങ്ങൾക്ക് ഇക്കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണെന്ന്,” രാജ്കുമാർ പറഞ്ഞു.

ആനയെ വാടകയ്ക്ക് ആവശ്യപ്പെട്ട് പലരും  വിളിക്കുന്നുണ്ട്. ഇത്തരം ആനയെ വാങ്ങാനും അവർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. യന്ത്രയാനയ്ക്ക് വലിയ വാടക വാങ്ങാൻ ഉദ്ദേശിക്കുന്നില്ല, കൂടുതൽ ആളുകളിലേക്ക് ഈ ആശയം എത്തുകയാണ് വേണ്ടത്. അതിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്,” രാജ്കുമാർ വിശദീകരിച്ചു.

enthiren, elephant, temple festival, electric elephant,irinjadapalli raman, irinjidapalli, robot,thrissur, ie malayalam
ഇരിഞ്ഞാടപ്പിള്ളി രാമൻ തിടമ്പേറ്റിയപ്പോൾ

യന്ത്രആനയുടെ പിന്നിൽ

പി. പ്രശാന്ത്, കെ. എം.ജിനേഷ്, എം. ആർ. റോബിൻ, സാന്റോ ജോസ് എന്നിവരാണ്  ഈ യന്ത്രയാനയുടെ ശിൽപികൾ. ചാലക്കുടിയിലെ വർക്ക് ഷോപ്പിലാണ് റോബോ ആന പിറവിയെടുത്തത്. അഞ്ച് മോട്ടറുകളിലായിയാണ് ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ പ്രവർത്തിക്കുന്നത്.

12 കൊല്ലം മുൻപാണ് ആദ്യമായി മോട്ടറുകളിൽ പ്രവർത്തിക്കുന്ന കുട്ടി ആനയെ നിർമിച്ചത്. നേരത്തെ പാർക്കുകളിലേക്ക് സിമന്റ് ശിൽപങ്ങൾ ഉണ്ടാക്കി നൽകാറുണ്ടായിരുന്നു. അങ്ങനെയാണ് സുഹൃത്തിന്റെ വീട്ടിൽ ഈ കുട്ടി ആനയെ നിർമിച്ച് നൽകുന്നത്.

ദുബായിലെത്തിയ യന്തിരൻ ആന

“കോവിഡിനു മുൻപാണ് ദുബായിൽ നടത്തുന്ന ഫെസ്റ്റിവലിന് യന്ത്രആനയെ ഉണ്ടാക്കി തരാമോയെന്ന് ചോദിച്ച് ഒരാൾ  വിളിക്കുന്നത്. യഥാർഥ ആനയെ പോലെയിരിക്കുന്ന മൂന്ന് ആനകൾ വേണമെന്നായിരുന്നു ആവശ്യം. ആദ്യം തമാശയെന്ന് വിചാരിച്ചു പിന്നീടാണ് സംഭവം സത്യമാണെന്ന് മനസ്സിലായത്. അങ്ങനെ അതിന്റെ കരാർ എടുത്ത് പണി ആരംഭിച്ച സമയത്താണ് കോവിഡ് പടർന്നു പിടിച്ചത്. അതോടെ പരിപാടി കാൻസലായി. പിന്നെ 2021 ഡിസംബറിൽ ഫെസ്റ്റിവലിന് (പൂരം) തീയതി തീരുമാനിച്ച് അവർ വിളിച്ചു. അങ്ങനെ ഞങ്ങൾ നാല് പേരും അവിടെയെത്തി. രണ്ട് ആനയെ പല പാർട്ട്സുകളായി കപ്പലിൽ അയച്ചു. മൂന്നാമത്തെ ആനയെ അവിടെ എത്തിയശേഷമാണ് ഉണ്ടാക്കിയത്. ആ വിഡിയോകൾ ഒരുപാട് ആളുകളിലേക്ക് എത്തുകയും ഓർഡറുകൾ കൂടുതൽ ലഭിക്കുകയും ചെയ്തു. പെറ്റ എന്ന സംഘടന ആനയെ വേണമെന്ന് അറിയിച്ചിരുന്നെങ്കിലും എന്തിനാണെന്ന് പറഞ്ഞിരുന്നില്ല,” പ്രശാന്ത് പറയുന്നു.

enthiren, elephant, temple festival, electric elephant,irinjadapalli raman, irinjidapalli, robot,thrissur, ie malayalam
പ്രശാന്ത് യന്ത്ര ആനയുടെ നിർമാണത്തിനിടെ

യന്തിരൻ ആനയുടെ നിർമാണം എങ്ങനെ?

റബർ, ഫൈബർ, ഇരുമ്പ് എന്നിവ ഉപയോഗിച്ചാണ് ആനയെ നിർമിച്ചത്. 800 കിലോയാണ് ആനയുടെ ഭാരം.  ആനയുടെ താഴെ ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. അത്കൊണ്ട് എഴുന്നള്ളത്തിന് കൊണ്ടു പോകാൻ എളുപ്പമാണ്. ഒരു സമയം നാല് പേരെ വരെ പുറത്തേറ്റാൻ കഴിയും. ഇരുമ്പ് കൊണ്ടുള്ള ഫ്രെയിം ഉപയോഗിച്ച് രൂപം നിർമ്മിച്ച ശേഷം അതിന് മുകളിലുടെ റബർ കൊണ്ട് കവർ ചെയ്യുകയാണ്.

കണ്ണ്, വായ,ചെവി,വാൽ എന്നിവ മോട്ടർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയാണ്. ഡിസി കറന്റിൽ പ്രവർത്തിക്കുന്നതിനാൽ അധിക ചെലവ് വരില്ലെന്നാണ് പ്രശാന്തും കൂട്ടരും പറയുന്നത്. അഞ്ച് ലക്ഷം രൂപയും ജിഎസ്ടിയുമാണ് ഇതിന്റെ വില വരുന്നത്.

രണ്ട് മാസം കൊണ്ടാണ് ആനയെ നിർമ്മിച്ചത്. തുമ്പിക്കൈ ഒഴികെയെല്ലാം മോട്ടറിലാണ് പ്രവർത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽ നിന്ന് വെള്ളം ചീറ്റും.

രാജസ്ഥാനിലെ ഉദയ്പൂർ കൊട്ടരത്തിലേക്കും യന്ത്രആനയെ നിർമ്മിച്ചു നൽകിയിട്ടുണ്ട്. കൂടുതൽ ഓർഡറുകളും ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് വരുന്നത്. മറ്റു ക്ഷേത്രകമ്മിറ്റികളിൽനിന്ന് ഇതുവരെ ഓർഡറുകൾ ഒന്നും ലഭിച്ചിട്ടില്ല. യന്ത്രആന എന്ന ആശയത്തെ ആനപ്രേമികൾ എങ്ങനെ ഉൾകൊള്ളും എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്, പ്രശാന്ത് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Robot elephant irinjadapilli raman takes part in thrissur temple festival