പത്തനംതിട്ട: പത്തനംതിട്ട കൃഷ്ണ ജ്വല്ലറി മോഷണക്കേസില്‍ നാല് പേരെ കൂടി പിടികൂടി. മോഷണം നടത്തിയ സംഘത്തിലെ നാല് പേരെ ഇന്ന് സേലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. ഇവര്‍ ഇപ്പോള്‍ സേലം പൊലീസിന്റെ കസ്റ്റഡിയിലാണ്. പത്തനംതിട്ട പൊലീസ് സേലത്തേക്ക് പുറപ്പെട്ടു. വാഹന പരിശോധന നടക്കുന്ന സമയത്താണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാള്‍ സ്വര്‍ണവും പണവും കൊണ്ട് രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മോഷണക്കേസിലെ മുഖ്യപ്രതിയും ജ്വല്ലറി ജീവനക്കാരനുമായ അക്ഷയ് പട്ടേലിനെ അറസ്റ്റ് ചെയ്തത്. കോഴഞ്ചേരിയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അക്ഷയാണ് ഇതിന്റെ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ട്. നാല് കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമാണ് ഇന്നലെ ജ്വല്ലറിയില്‍ നിന്ന് കളവുപോയത്. മോഷണസംഘം സ്‌കോര്‍പ്പിയോയില്‍ ആണ് പോയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന കര്‍ശനമാക്കിയത്.

Read Also: പത്തനംതിട്ട ജ്വല്ലറിയിലെ കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

സിനിമ സ്റ്റെലിലായിരുന്നു മോഷണത്തിന് പദ്ധതിയിട്ടത്. മഹാരാഷ്ട്ര സ്വദേശിയാണ് ആദ്യം പിടിയിലായ ജീവനക്കാരന്‍ അക്ഷയ് പട്ടേല്‍. ഇയാള്‍ 12 ദിവസം മുന്‍പാണ് ജ്വല്ലറിയില്‍ ജോലിക്ക് ചേര്‍ന്നത്. പത്തനംതിട്ടയിലെ കൃഷ്ണ ജ്വല്ലറിയില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് കവര്‍ച്ച നടന്നത്.  നാലംഗ സംഘം ജ്വല്ലറിയിലെ  സന്തോഷ് എന്ന ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ചശേഷം കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ (ഞായറാഴ്ച)  ജ്വല്ലറി തുറന്നിരുന്നില്ല. എന്നാല്‍, ഒരാള്‍ സ്വര്‍ണം ആവശ്യപ്പെട്ടതനുസരിച്ച് അയാള്‍ക്കുവേണ്ടി തുറക്കുകയായിരുന്നു. ജ്വല്ലറിയിലെ ലോക്കര്‍ തുറന്ന ഉടനെ  നാലംഗ സംഘം കടയിലേക്ക് ഇരച്ച് കയറി കവര്‍ച്ച നടത്തുകയായിരുന്നു.

അക്ഷയ് പട്ടേലിന്റെ സഹായത്തോടെയാണ് കവര്‍ച്ച നടത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. കവർച്ചയ്ക്ക് ശേഷം അക്ഷയ് ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ഹാര്‍ഡ് ഡിസ്‌കും സംഘം കൊണ്ടുപോയിരുന്നു. ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.