തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ട്രെയിനുകളിലായി വൻ സ്വർണകവർച്ച. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലും മലബാർ എകസ്പ്രസിലുമാണ് കവർച്ച നടന്നത്. ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിൽനിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടമായി. തിരുവനന്തപുരം-മംഗളൂരു മലബാർ എകസ്പ്രസിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത് കാഞ്ഞങ്ങാട് സ്വദേശിയായ 15 പവന്റെ സ്വർണമാണ്.
ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിനിൽനിന്ന് സ്വർണം നഷ്ടമായ ചെന്നൈ സ്വദേശി പൊന്നിമാരന്‍ കോഴിക്കോട് റെയിൽവേ സിഐക്ക് പരാതി നൽകി. തിരുപ്പൂരിനും കോഴിക്കോടിനും ഇടയിലാണ് മോഷണം നടന്നതെന്നും രത്നവും 21 പവൻ സ്വർണവും പണവും കവർന്നുവെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം-മംഗളൂരു മലബാർ എകസ്പ്രസിൽനിന്ന് കാഞ്ഞങ്ങാട് സ്വദേശിയുടെ സ്വർണമാണ് മോഷ്ടിച്ചത്. മലബാർ എക്സ്പ്രസിൽ വടകര-മാഹി പരിസരത്തു വെച്ചും കവർച്ച നടന്നതായാണ് സംശയിക്കുന്നത്.
രണ്ട് സംഭവങ്ങളിലും ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് ട്രെയിനുകളിലെ കവർച്ചക്ക് പിന്നിൽ ഒരേ സംഘമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.