കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ജീവനക്കാരനെ മർദിച്ച് അവശനാക്കിയ ശേഷം കെട്ടിയിട്ട് ബന്ദിയാക്കിയായിരുന്നു കവർച്ച നടത്തിയത്. അമ്പതിനായിരം രൂപയോളം കവർന്നു എന്നാണ് പ്രാഥമികനിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരാളാണ് ആക്രമത്തിന് പിന്നിൽ എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. എന്നാൽ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തുകയാണ്. പരുക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കറുത്ത മുഖം മൂടി ധരിച്ചാണ് ആക്രമി എത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ആക്രമം തടുക്കാൻ ജീവനക്കാരൻ ശ്രമിക്കുന്നതും ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം. മുളകുപൊടി വിതറിയായിരുന്നു ആക്രമണം എന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി.
Also Read: കെ.ടി ജലീലിന്റെ പരാതി; സ്വപ്നയ്ക്കും പി.സി ജോർജിനുമെതിരെ പൊലീസ് കേസെടുത്തു