ചെങ്ങന്നൂര്‍: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നരവയസുള്ള കുഞ്ഞിനെ തട്ടി കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നശേഷം സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ചെങ്ങന്നൂര്‍ കൊല്ലക്കടവ് ചെറിയനാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മുഹമ്മദന്‍സ് ഹൈ സ്‌കൂളിന് സമീപം തടത്തില്‍ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അമ്മ അന്‍സീനയ്‌ക്കൊപ്പം ഇരുനില വീടിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു അമാന്‍. പണി നടക്കുകയായിരുന്ന വീടിന്റെ മുകള്‍ നിലയിലെ സ്‌റ്റെയര്‍കേസ് റൂമിന്റെ താല്‍ക്കാലിക വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്. മുറിക്കുള്ളിലെ ലൈറ്റ് ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണശ്രമം.
അന്‍സിയയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഉണര്‍ന്ന് ബഹളംവച്ചതോടെ മോഷ്ടാക്കള്‍ മാല കളഞ്ഞിട്ട് കുട്ടിയുമായി ഓടുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ട് നോക്കിയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞത്. മോഷ്ടാക്കള്‍ ആഭരണങ്ങള്‍ അപഹരിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിക്കായി തിരച്ചില്‍ നടത്തി. തുടര്‍ന്ന് പത്തു മിനിറ്റുകള്‍ക്ക് ശേഷം വെണ്മണി ഗവ. മുഹമ്മദന്‍സ് ഹൈസ്‌കൂളിന് സമീപം കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയപ്പോഴാണ് സ്‌കൂളിന്റെ മതിലിനോടു ചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്ന ഒന്നര പവന്‍ തൂക്കമുള്ള അരഞ്ഞാണവും ഒരു പവന്‍ തൂക്കമുള്ള മാലയും നഷ്ടപ്പെട്ടു.