വയനാട്: കനത്തമഴയില്‍ മീനങ്ങാടിയില്‍ റോഡ് ഒലിച്ചുപോയി. അപ്പാട് കോളനിക്ക് സമീപം ചൂതുപാറയുമായി ബന്ധപ്പിക്കുന്ന പ്രദേശിക റോഡാണ് ഒലിച്ചുപോയത്. മഴ തുടര്‍ന്നതോടെ ആലിലാക്കുന്ന് തോട് കരകവിയുകയും വെള്ളം ശക്തമായി ഒഴുകുകയും ചെയ്തു. ഇതൊ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം പാലോടില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പത്ത് പേര്‍ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരടങ്ങിയ സംഘത്തിലെ ഒന്‍പത് പേരെ രക്ഷപെടുത്തിയതായാണ് വിവരം. ഒരു സ്ത്രീയെയാണ് ഇനി കണ്ടെത്താനുള്ളത്. നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാനുള്ള കാരണം.ചൊവ്വ, ബുധന്‍, ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചേക്കുമെന്നും പ്രവചനമുണ്ട്.
പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ തുരുന്ന മലയോര മേഖലകളില്‍. മധ്യകേരളത്തില്‍ മണിക്കൂറുകളായി മഴ ശമിക്കാതെ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.