കാസര്‍ഗോഡ്: അയിത്തത്തിന്റെ പേരില്‍ ബെള്ളൂര്‍ പഞ്ചായത്തിലെ പൊസോളിഗെയില്‍ പഞ്ചായത്ത് റോഡ് തടസപ്പെടുത്തിയ ഭൂവുടമയ്‌ക്കെതിരെ സമരസമിതി നടത്തിയ സമരത്തിന് സമാപനമായി. സവര്‍ണര്‍ തടസ്സപ്പെടുത്തിയ ദലിതരുടെ വഴി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നീക്കി കൊടുക്കുകയായിരുന്നു. ഇതോടെ അവസാനിച്ചത് അരനൂറ്റാണ്ടോളമായി തുടര്‍ന്ന അയിത്തമാണ്.

റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എഡിഎം വിളിച്ച യോഗതീരുമാനത്തിന് പിന്നാലെയാണ് സി.പി.ഐ.എം നേതൃത്വത്തില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ച്ചയായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം 24ന് ജില്ലാ കളക്റ്ററുടെ ചേമ്പറില്‍ ചേര്‍ന്ന എഡിഎം യോഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന തീരുമാനമെടുത്തിരുന്നു.

തുടര്‍ച്ചയായി മൂന്ന് തവണ ജില്ലാ ഭരണകൂടം നേരിട്ട് വിളിച്ചിട്ടും യോഗത്തില്‍ പങ്കെടുക്കാന്‍ സ്ഥലത്തിന് തര്‍ക്കമുന്നയിക്കുന്ന ഭൂവുടമ നവീന്‍ കുമാര്‍ തയ്യാറായിരുന്നില്ല. എഡിഎം എന്‍ ദേവീദാസ് റവന്യൂ ഉദ്യോഗസ്ഥരൊപ്പം വീട്ടിലെത്തി സമവായത്തിന് ശ്രമിച്ചെങ്കിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ആഗസ്ത് പത്താം തീയതിയോടെ തീരുമാനമെടുക്കേണ്ട റോഡ് നിര്‍മാണ തീരുമാനം കേരളത്തില്‍ വന്ന പ്രളയം കാരണമാണ് ഇത്രയും വൈകിയത്. വിഷയത്തിലെ അവസാനയോഗ തീരുമാനപ്രകാരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് വിനോദ് റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

എന്നാല്‍ റോഡ് സ്വകാര്യ വ്യക്തിയുടേതാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടില്‍ നിന്ന് മാറിയ ബെള്ളൂര്‍ പഞ്ചായത്ത് ഫണ്ടിന്റെ ദൗര്‍ലഭ്യം കാരണം റോഡ് ടാര്‍ ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. റോഡ് നിയമപരമായി ഉപയോഗിക്കാമെന്ന നിയമോപദേശം ലഭിച്ചാലും ടാര്‍ ചെയ്ത് റോഡ് ഗതാഗത യോഗ്യമാകാന്‍ സമയമെടുക്കും. ഇതും വെല്ലുവിളിയായി. ഈ സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്റെ ഇടപെല്‍. ബസ്തി റോഡില്‍ നിന്ന് 175 മീറ്റര്‍ സി.പി.ഐ.എം നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

വണ്ടികള്‍ കോളനിയിലേക്ക് പോകാതിരിക്കാന്‍ ജന്മി നശിപ്പിച്ച റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇതില്‍ പെടും. മുന്നൂറോളം ആളുകളാണ് പങ്കെടുക്കുന്നത്. നേരത്തെ, എന്‍ഡോസള്‍ഫാന്‍ ഇരയായ സീതുവിന്റെ മൃതദേഹം ജാതിവിവേചനം കാരണം ചുമന്നുകൊണ്ടുപോകേണ്ടിവന്നത് വലിയ വിവാദമായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട സീതുവിന്റെ മൃതേഹം ആംബുലന്‍സില്‍ പൊസോളിഗയില്‍ എത്തിക്കുകയും എന്നാല്‍ റോഡ് അടച്ചതിനാല്‍ ആംബുലന്‍സില്‍ കോളനിയിലേക്ക് പോകാന്‍ കഴിയാതെ വരുകയായിരുന്നു. ഇതോടെ അരകിലോമീറ്റര്‍ ഇപ്പുറം ആംബുലന്‍സ് നിര്‍ത്തി മൃതദേഹം ചുമന്ന് കയറ്റം കയറുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.