കൊച്ചി: ഇന്നലെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത റോ റോ ജെങ്കാർ സർവ്വീസ് ലൈസൻസില്ലെന്ന കാരണത്തെ തുടർന്ന് നിർത്തിവച്ചു. കൊച്ചി കോർപ്പറേഷൻ 16 കോടി മുടക്കി നിർമ്മിച്ച സർവ്വീസിന് കൊച്ചിൻ പോർട്ടിൽ നിന്നാണ് സർവ്വീസ് നടത്താനുളള ലൈസൻസ് ലഭിക്കേണ്ടത്.
ലൈസൻസില്ലാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് സർവ്വീസ് ഉദ്ഘാടനം നടത്തിയതെന്നും, യാതൊരു സുരക്ഷയും പാലിച്ചില്ലെന്നും ആരോപിച്ച് കൊച്ചി കോർപ്പറേഷനെതിരെ സിപിഎം രംഗത്തെത്തി. യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവും സിപിഎം അംഗവുമായ കെജെ ആന്റണിയാണ് മേയർക്കും ഭരണപക്ഷത്തിനുമെതിരെ രംഗത്ത് വന്നത്.
നാല് മാസം മുൻപ് ജങ്കാർ സർവ്വീസ് നടത്തുന്നതിനുളള ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. പിന്നീട് ലൈസൻസ് പുതുക്കിയിരുന്നില്ല. ഈ കാര്യം മറച്ചുവച്ചാണ് പുതിയ ജങ്കാർ ഇറക്കി സർവ്വീസ് നടത്തിയതെന്നാണ് ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ചയാണ് റോ റോ ജങ്കാർ സർവീസിന്റെ യാത്ര ഉദ്ഘാടനം ചെയ്തത്. റോ റോ ജങ്കാറിൽ മുഖ്യമന്ത്രിയാത്ര ചെയ്യുകയും ചെയ്തു. മേയർ സൗമിനി ജെയിനും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളുമടക്കം നൂറോളം പേർ മുഖ്യമന്ത്രിക്കൊപ്പം ആദ്യ യാത്രയുടെ ഭാഗമായിരുന്നു.