തിരുവനന്തപുരം: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ  ആർ.എൽ.വി.രാമകൃഷ്‌ണൻ കേരള സംഗീത നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

സാംസ്‌കാരി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടു.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും അക്കാദമി സെക്രട്ടറിയും റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ആർ.എൽ.വി.രാമകൃഷ്‌ണന് മോഹിനിയാട്ടത്തിൽ ഡോക്‌ടറേറ്റ് ഉണ്ടെന്നും ദലിത് വിഭാഗത്തിലുള്ള ആളായതുകൊണ്ട് മാത്രമാണ് അദ്ദേഹം അക്കാദമിയുടെ ഓൺലൈൻ ക്ലാസിൽ നിന്നും പിന്തള്ളപ്പെട്ടതെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ.ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. പരാതിയിൽ  കഴമ്പുണ്ടെന്ന്  ഉത്തരവിൽ പറയുന്നു.

Read Also: കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോർട്ട്

കഴിഞ്ഞ ദിവസമാണ് രാമകൃഷ്‌ണനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെത്തുടർന്നാണ് ആരോഗ്യ നില വഷളായതെന്നാണ് ആശുപത്രിയിൽ നിന്നു ലഭിച്ച വിവരം. വിഷം കഴിച്ചതാണെന്നാണ് ആദ്യ ഘട്ടത്തിൽ കരുതിയതെങ്കിലും പിന്നീട് ഉറക്ക ഗുളിക അമിതമായ അളവിൽ കഴിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.

കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിലാണ് ആർഎൽവി രാമകൃഷ്ണനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.