തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ (42) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെത്തുടർന്നാണ് ആരോഗ്യ നില വഷളായതെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. വിഷം കഴിച്ചതാണെന്നാണ് ആദ്യ ഘട്ടത്തിൽ കരുതിയതെങ്കിലും പിന്നീട് ഉറക്ക ഗുളിക അമിതമായ അളവിൽ കഴിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഏഴുമണിയോടെ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിലാണ് ആർഎൽവി രാമകൃഷ്ണനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് താലൂക്ക് ആശുത്രിയിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരം.